‘റെഡി വൺ ടൂ ത്രി’ താനൂർ കുതിക്കും



  താനൂർ   മണ്ഡലത്തിൽ അടിസ്ഥാന വികസനത്തിലൂന്നി‌ പൂർത്തിയായതും പ്രവൃത്തി ആരംഭിക്കുന്നതുമായ 123 പദ്ധതികൾ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നാടിന്‌ സമർപ്പിക്കുമെന്ന് വി അബ്ദുറഹ്മാൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ‘റെഡി വൺ ടൂ ത്രീ’ എന്ന പേരിലാണ് പദ്ധതികളുടെ സമർപ്പണം. 84 റോഡുകൾ, 11 അങ്കണവാടികൾ, 7 ആരോഗ്യ സബ്സെന്റർ, താനൂർ അർബൻ പിഎച്ച്സി, താനാളൂർ, ചെറിയമുണ്ടം സ്റ്റേഡിയങ്ങൾ, റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ്, റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടർ, 7 സ്‌കൂൾ കെട്ടിട നിർമാണം, ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റ്, അംബേദ്കർ ഗ്രാമം പദ്ധതി പ്രഖ്യാപനം, തെയ്യാല റോഡ് റെയിൽവേ മേൽപ്പാലം, തിയറ്റർ സമുച്ചയം, ഫിഷറീസ് സ്കൂൾ ഗ്രൗണ്ട്, ഹോസ്റ്റൽ, ഹൈസ്കൂൾ കെട്ടിടം, താനാളൂർ കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയവയാണ് 123 പദ്ധതികൾ.   താനൂർ റെയിൽവേ മേൽപ്പാലം ടെൻഡർ നടപടി പൂർത്തീകരിച്ചു. ഈ മാസം പ്രവൃത്തി ആരംഭിക്കും. തിരൂർ- പൂരപ്പുഴ റോഡ് നവീകരണം 95 ശതമാനം പൂർത്തീകരിച്ചു. മോര്യ കാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പൂരപ്പുഴ റെഗുലേറ്റർ നിർമാണത്തിനായി 17 കോടി അനുവദിച്ചിട്ടുണ്ട്.  വർഷങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. നൂറുകോടി ചെലവിൽ യാഥാർഥ്യമാകുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തീകരിച്ചു. പദ്ധതി ഉദ്ഘാടനം ഉടൻ നടക്കുമെന്ന് എംഎൽഎ പറഞ്ഞു.  രണ്ടാംഘട്ടത്തിൽ 200 കോടി രൂപ ചെലവിൽ വിതരണ ശൃംഖല ഒരുക്കും. ഹാർബർ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലാണെന്നും എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News