മധ്യനിരയിലെ ‘റിക്ഷാവാല’

അബ്ദുൾ അസീസ്‌ (ഇടത്ത്‌) കൊൽക്കത്തയിലെ ഫുട്‌ബോൾ ടൂർണമെന്റിനിടെ (ഫയൽചിത്രം)


  മങ്കട പ്രശസ്തിക്ക് പിറകെ പോകാത്ത പച്ചയായ മനുഷ്യൻ–-അതായിരുന്നു  മലപ്പുറം അസീസ്‌. അവസരംകിട്ടിയിട്ടും ദേശീയ കുപ്പായം ഒഴിവാക്കിയ ആ വലിയതാരം ഇനി ഓർമയുടെ മൈതാനത്ത്‌. രണ്ട് തവണ ഇന്ത്യൻ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും  പോയില്ല. ഇന്തോനേഷ്യയിലെ ഹാലം കപ്പ്‌, ഗൾഫ് പര്യടനം എന്നിവക്കുള്ള ദേശീയ ടീമിന്റെ  ക്ഷണമാണ് നിരസിച്ചത്. മക്കരപ്പറമ്പ്‌ കാവുങ്ങൽ അലവിയുടെ മകൻ അബ്ദുൾഅസീസ് മൂത്തസഹോദരൻ മലപ്പുറം ചേക്കുവിന്റെ പാത പിൻപറ്റിയാണ് ഫുട്ബോളിലെത്തിയത്. ഇരുവരും ‘കളിക്കളത്തിലെ മലപ്പുറം സഹോദരങ്ങൾ’ എന്ന്‌ അറിയപ്പെട്ടു.   കൊൽക്കത്തയിലെ വമ്പൻമാരായ മുഹമ്മദൻസ്‌ സ്‌പോർടിങ്ങിനുവേണ്ടി ഏഴ് വർഷം കളിച്ചു. ഫെഡറേഷൻ കപ്പടക്കമുള്ള ടൂർണമെന്റുകളിൽ ടീമിനെ നയിച്ചു.  അസീസിന്റെ മികവിൽ 1981ൽ സ്വന്തമാക്കിയ കൊൽക്കത്ത ലീഗ് കിരീടം പിന്നീട്‌ മുഹമ്മദൻസ്‌ നേടിയിട്ടില്ല. കൊൽക്കത്ത ലീഗ് കിരീടത്തിനുപുറമെ ഡിസിഎം ട്രോഫി, എയർലൈൻ കപ്പ് എന്നിവയും തന്റെ നായകത്വത്തിൽ മുഹമ്മദൻസിന് നേടിക്കൊടുത്തു. കൊൽക്കത്തൻ ഫുട്ബോൾ ആരാധകർ അസീസിനെ സ്നേഹത്തോടെ ‘റിക്ഷാവാല ’എന്നാണ്‌ വിളിച്ചിരുന്നത്. മധ്യനിരയിൽ കുതിച്ച് മനോഹരമായ പാസുകളിലൂടെ സ്ട്രൈക്കർമാർക്ക് നിരന്തരം പന്ത് എത്തിച്ചതിനായിരുന്നു ആ ബഹുമാന നാമം.   സൗദി‌യിൽ പ്രവാസിയായിരിക്കെ പരിശീലക വേഷത്തിലും തിളങ്ങി. ജിദ്ദയിലും ഹായിലിലും ബദറുദ്ദീൻ പോളിക്ലിനിക്കിൽ പിആർഒ ആയിരിക്കെ എസിസിയുടെ കോച്ചായിരുന്നു. ഇന്റർനാഷണൽ മലപ്പുറം മൊയ്തീൻകുട്ടി, മഞ്ഞക്കണ്ടൻ അബൂബക്കർ, ആലിക്കുട്ടി, ചേക്കു, സൂപ്പി അബു, ഛോട്ടാ സൈതലവി, സത്താർ, ഡിക്രൂസ്, കൊറ്റൻ, അയമു, മയമു, പോക്കർ... തുടങ്ങി മലപ്പുറത്തിന്റെ കാൽപ്പന്ത് പെരുമ വാനോളമുയർത്തി വിട്ടുപിരിഞ്ഞ  പ്രതിഭകൾക്കൊപ്പം മലപ്പുറം അസീസും സ്‌മരണയുടെ ആരവങ്ങളിലേക്ക്‌. Read on deshabhimani.com

Related News