കുടുംബശ്രീ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള 
ലീഗ്‌ നീക്കം ജനാധിപത്യവിരുദ്ധം: സിപിഐ എം



  മലപ്പുറം കുടുംബശ്രീ അയൽക്കൂട്ടം തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള മുസ്ലിംലീഗ്‌ നീക്കം  ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി. ഉദ്യോഗസ്ഥരെ ബന്ദികളാക്കിയും ഭീഷണിപ്പെടുത്തിയും അക്രമമഴിച്ചുവിട്ടും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചും തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനാണ്‌ ലീഗ്‌ ശ്രമിക്കുന്നത്‌.  കഴിഞ്ഞദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന അയൽക്കൂട്ടം തെരഞ്ഞെടുപ്പിൽ അക്രമമഴിച്ചുവിടാനാണ്‌ ‌ലീഗ്‌ ജനപ്രതിനിധികളും പ്രവർത്തകരും ശ്രമിച്ചത്‌. വെട്ടത്തൂരിൽ സ്‌ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ മണിക്കൂറുകളാണ്‌ ബന്ദികളാക്കിയത്‌. പൊലീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ്‌ ഉദ്യോഗസ്ഥരെ ലീഗ്‌ ബന്ധനത്തിൽനിന്ന്‌ മോചിപ്പിക്കാനായത്‌. അനർഹരെ നിയമവിരുദ്ധമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ലീഗിന്റെ ആവശ്യം അംഗീകരിക്കാത്തതിന്റെ പേരിലാണ്‌ ഉദ്യോഗസ്ഥർക്കുനേരെ അക്രമനീക്കമുണ്ടായത്‌.  റിട്ടേണിങ്‌ ഓഫീസർമാർക്കും മറ്റ്‌ ഉദ്യോഗസ്ഥർക്കും നേരെ ക്രൂരമായ മാനസിക പീഡനവും ഭീഷണിയുമാണ്‌ ലീഗുകാർ നടത്തിയത്‌.  മലപ്പുറം നഗരസഭയിലെ പതിനാലാം വാർഡിലെ (മണ്ണാർകുണ്ട്‌) തനിമ അയൽക്കൂട്ടം തെരഞ്ഞെടുപ്പിൽ മുനിസിപ്പൽ ചെയർമാൻ അടക്കമുള്ളവരാണ്‌ തെരഞ്ഞെടുപ്പ്‌ കേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്‌. വെട്ടത്തൂരിലും മലപ്പുറം നഗരസഭ പതിനാലാം വാർഡിലും വനിതാ ഉദ്യോഗസ്ഥരെ അന്യായമായി തടഞ്ഞുവച്ചുവെന്ന്‌ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലെ വാർത്തതന്നെ സാക്ഷ്യപ്പെടുത്തുന്നു.  ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ജില്ലയിലെ അയൽക്കൂട്ടം തെരഞ്ഞെടുപ്പ്‌ അനുകൂലമാക്കാനുള്ള ഹിഡൻ അജൻഡ നടപ്പാക്കാനാണ്‌ ശ്രമം. ജനാധിപത്യവിരുദ്ധമായ ഈ നടപടിയെ പൊതുസമൂഹം തിരിച്ചറിയണം. ജീവനക്കാരെ ബന്ദികളാക്കിയ ലീഗ്‌ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. ജില്ലയിൽ  കുടുംബശ്രീ തെരഞ്ഞെടുപ്പ്‌ നിയമാനുസൃതം നടക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികൃതർക്ക്‌ ബാധ്യതയുണ്ടെന്ന്‌ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News