സന്തോഷപ്പകലിന്റെ പിറന്നാൾ ചിത്രം



  എടപ്പാൾ സ്വാതന്ത്ര്യസമരത്തെ ആസ്‌പദമാക്കി ആർടിസ്‌റ്റ്‌ നമ്പൂതിരി വരച്ച ചിത്രങ്ങൾ കാണുകയായിരുന്ന സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഒറ്റ ചോദ്യം–- ഇതെല്ലാം നിള ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് തരുമോ?. ‘‘തീർച്ചയായും. എന്റെ പിറന്നാൾ സമ്മാനമായിട്ടിരിക്കട്ടെ–-അത്രമേൽ അർഥത്തോടെ ജീവിതം വരച്ച കലാകാരന്റെ മറുപടി. തൊണ്ണൂറ്റിയഞ്ചാം ജന്മദിനത്തിൽ -ആർടിസ്‌റ്റ്‌ നമ്പൂതിരിക്ക്‌ ആശംസ നേരാനെത്തിയതായിരുന്നു സ്‌പീക്കർ.   പൊന്നാനിയിൽ ഉദ്ഘാടനത്തിന് തയ്യാറായ നിള ഹെറിറ്റേജ് സമുച്ചയത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ശ്രീരാമകൃഷ്ണൻ ആർടിസ്റ്റ് നമ്പൂതിരിക്ക് കാണിച്ചുകൊടുത്തു. സമയം കിട്ടുമ്പോൾ മ്യൂസിയത്തിലേക്ക് വരണമെന്നും വേണ്ട നിർദേശങ്ങൾ തരണമെന്നും പറഞ്ഞു. ചൊവ്വാഴ്‌ച പകൽ ഒന്നിനാണ്‌ നമ്പൂതിരിയുടെ എടപ്പാൾ നടുവട്ടത്തെ വീട്ടിൽ സ്‌പീക്കറെത്തിയത്‌. അതിഥിയെ സ്‌നേഹപൂർവം സ്വീകരിച്ച്‌ അദ്ദേഹം ഉമ്മറത്തെ കസേരയിലിരുത്തി. ക്ഷേമാന്വേഷണം അൽപ്പനേരം. അതിനുശേഷമാണ്‌ മുപ്പതുവർഷം മുമ്പ്‌ താൻ വരച്ച ചിത്രങ്ങൾ നമ്പൂതിരി സ്‌പീക്കറെ കാണിച്ചത്‌. പിന്നീട്‌  കേക്ക്‌ മുറിച്ച്‌ ചെറിയ ആഘോഷം. ‘‘ഈ നിമിഷം വലിയ സന്തോഷം തോന്നുന്നു–-പൊന്നാനിയുടെ ജനപ്രതിനിധി യാത്രപറഞ്ഞപ്പോൾ നമ്പൂതിരി ആ നേരത്തെ വാക്കുകളിലൂടെ വരച്ചിട്ടു. സിപിഐ എം എടപ്പാൾ ഏരിയാ കമ്മിറ്റിയംഗം അഡ്വ. പി പി മോഹൻദാസ്, എടപ്പാൾ ലോക്കൽ സെക്രട്ടറി കെ പ്രഭാകരൻ എന്നിവരും സ്‌പീക്കറോടൊപ്പമുണ്ടായി. Read on deshabhimani.com

Related News