ഇവരാണ്‌ ഹീറോസ്‌



    മഞ്ചേരി കോവിഡ്‌ കാലത്തിനുമുൻപ് ദിവസം ഒന്നോ രണ്ടോ മൃതദേഹങ്ങൾമാത്രം പോസ്‌റ്റുമോർട്ടം നടത്തിയിരുന്നവരാണ്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക്‌ വിഭാഗത്തിലുണ്ടായിരുന്നവർ. ഇപ്പോൾ അത്‌ വലിയ തോതിൽ കൂടിയതോടെ വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണ്‌ ഇവർ. കോവിഡ്‌‌ പ്രതിരോധത്തിന്റെ നൂറുദിനം പിന്നിടുമ്പോൾ ആശുപത്രിയിൽ നടത്തിയത് 250 പോസ്റ്റ്മോർട്ടങ്ങളാണ്‌. നേരത്തെ, അപകടം, അക്രമം എന്നിങ്ങനെ അസ്വഭാവികതയുള്ള പരമാവധി രണ്ടുമരണംമാത്രമാണ് ദിവസവും പോസ്‌റ്റ്‌ മോർട്ടത്തിന്‌ ഉണ്ടായിരുന്നത്‌.  കോവിഡ് പ്രോട്ടോകോളില്ലാതിരുന്നതിനാൽ താലൂക്ക്, ജില്ലാ, ആശുപത്രികളിൽ പോസ്റ്റ്മോർട്ടം നടത്തുമായിരുന്നു. ഇപ്പോൾ മുഴുവൻ മൃതദേഹങ്ങളും മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ച് സ്രവ പരിശോധന നടത്തിയാണ് പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്‌. ഇതോടെ ദിവസവും നാലുമുൽ ആറ് പോസ്റ്റ്‌മോർട്ടങ്ങൾവരെ ഫോറൻസിക്‌ വിഭാഗം നടത്തുന്നുണ്ട്‌. പരിമിത സൗകര്യങ്ങളേ ഉള്ളൂ. രാവിലെ പത്തിന് പിപിഇ കിറ്റിട്ട് പോസ്റ്റ്മോർട്ടം മുറിയിൽ കയറിയാൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാൻ വൈകിട്ട്‌ നാലാവും.   പിപിഇ കിറ്റ് ധരിക്കാനും അഴിക്കാനും പ്രത്യേക മുറിയില്ലാത്തതും ഇവരെ അലട്ടുന്നുണ്ട്‌. എങ്കിലും പ്രതിരോധ പ്രവർത്തനത്തിൽനിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന്‌ ഡോ. ലെവിസ് വസീം പറഞ്ഞു.  നിപായും പ്രളയവും നേരിട്ട അനുഭവസമ്പത്തുമായാണ് ഈ  ആരോഗ്യപ്രവർത്തകർ ‘യുദ്ധമുഖ’ത്തിറങ്ങിയത്. ഡോക്ടർമാരായ പി എസ് സഞ്ജയ്, പി പി ആനന്ദ്, ലെവിസ് വസീം, പി പി അജേഷ്, സഹായികളായ മുഹമ്മദ് ഇഖ്ബാൽ, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരാണ് ഫോറൻസിക് വിഭാഗം ടീമിലുള്ളത്.   Read on deshabhimani.com

Related News