ജയ്‌ ജയ്‌ ജയസൂര്യ



  മലപ്പുറം പ്രതിസന്ധികളെ അതിജീവിച്ച് ഹയർ സെക്കൻഡറി പരീക്ഷയിൽ ജയസൂര്യ നേടിയ വിജയത്തിന്‌ പറയാൻ‌ കഥകളേറെ. 20 വർഷംമുമ്പ്‌ ജോലിതേടിയാണ്‌ ‌തമിഴ്‌നാട്ടിലെ വിഴുപ്പുറം ജില്ലയിൽനിന്ന്‌ ജയസൂര്യയുടെ കുടുംബം കോട്ടക്കലെത്തിയത്‌. തോക്കാംമ്പാറയിലെ വാടക ക്വാർട്ടേഴ്‌സിൽ‌ താമസം. 17 വർഷം മുമ്പുണ്ടായ അപകടത്തിൽ പൂർണമായി തളർന്ന്‌ കിടപ്പിലാണ്‌ അച്ഛൻ രാജക്കണ്ണൻ. അമ്മ ഗോവിന്ദമ്മ ആക്രി പെറുക്കി  കിട്ടുന്ന തുകയാണ്‌ കുടുംബത്തിന്റെ ഏകവരുമാനം. അച്ഛന്റെ ചികിത്സക്കും കുടുംബ ചെലവിനുമായി ഈ വരുമാനം തികയാതെ വന്നതോടെ അവധി ദിവസങ്ങളിൽ പഠനത്തോടൊപ്പം ജയസൂര്യയും ജോലിക്കിറങ്ങുന്നത്‌. ആക്രി പെറുക്കൽ, ഹോട്ടലിൽ ഭക്ഷണവിതരണം, വാർക്കപ്പണി, ചെങ്കൽ ചുമട്‌, കൂലിപ്പണി ഇങ്ങനെ പല തൊഴിലുകൾചെയ്താണ്‌ പഠനം.  ബുധനാഴ്ച ഹയർ സെക്കൻഡറി പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെ തിളക്കമേറിയ വിജയം. കോട്ടക്കൽ ഗവ. രാജാസ് എച്ച്എസ്എസിലെ ഈ മിടുക്കനെക്കുറിച്ച്‌ അധ്യാപകർക്കും കൂട്ടുകാർക്കും അഭിമാനം ഏറെ. രാവിലെ 5.30ന്‌ കോട്ടക്കൽ ബസ്‌ സ്റ്റാന്‍ഡിലെത്തും. അവിടെനിന്നാണ്‌ പണിക്കുപോകുന്നത്‌. പണിസ്ഥലത്തായതിനാൽ പരീക്ഷാഫലം വൈകിട്ടോടെയാണ്‌ ജയസൂര്യ അറിയുന്നത്‌. അതിനുശേഷം‌ സ്‌കൂളിലെത്തിയതോടെ അഭിനന്ദങ്ങളുടെ പെരുമഴ. എസ്‌എസ്‌എൽസി പരീക്ഷയിലും ഒമ്പത്‌ എ പ്ലസോടെ‌ നേടിയത്‌ മിന്നുംവിജയംതന്നെ. അധ്യാപകനാകാനാണ്‌ ജയസൂര്യയുടെ ആഗ്രഹം. ഒപ്പം സ്വന്തമായി ഒരു വീട്‌. അങ്ങനെ ഈ കൊച്ചുമിടുക്കന്‌ വിജയങ്ങളോടൊപ്പം സ്വപ്‌നങ്ങളും ഏറെയാണ്‌. Read on deshabhimani.com

Related News