മഴക്കെടുതി നേരിടാന്‍ 
ജില്ല പൂര്‍ണസജ്ജം



മലപ്പുറം മഴക്കെടുതി അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ പൂർണസജ്ജമെന്ന്  കലക്ടർ വി ആർ പ്രേംകുമാർ. അടുത്ത മൂന്ന് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗംചേർന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാനും വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും ഉത്തരവിട്ടു. ഓറഞ്ച് ബുക്ക് അനുസരിച്ചുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ‌ എല്ലാ വകുപ്പ് മേധാവികൾക്കും നിർദേശം നൽകി.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ദുരന്തസാധ്യതാ പ്രദേശങ്ങളിൽനിന്നും  ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിത്താമസിപ്പിക്കാനും നിർദേശം നൽകി. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘത്തെ ജില്ലയിൽ എത്തിക്കും. ബിഎസ്എൻഎലിന്റെ നേതൃത്വത്തിൽ എമർജൻസി കമ്യൂണിക്കേഷൻ സംവിധാനം ഉടനടി ഒരുങ്ങും. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ആശുപത്രികൾ സിഎച്ച്സികളും പിഎച്ച്സികളും 24 മണിക്കൂറും പ്രവർത്തിക്കും. ഇതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ സജ്ജമാക്കും.  പ്രത്യേക സംഘത്തെ സജ്ജമാക്കാൻ കെഎസ്ഇബി, പിഡബ്ല്യൂഡി വകുപ്പിനും നിർദേശം നൽകി. തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത പുലർത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ഡിഡി ഫിഷറീസ്, ബന്ധപ്പെട്ട തഹസിൽദാർ, താലൂക്കിന്റെ ചാർജുള്ള ഡെപ്യൂട്ടി കലക്ടർ എന്നിവരെയും ചുമതലപ്പെടുത്തിയതായും കലക്ടർ അറിയിച്ചു. Read on deshabhimani.com

Related News