പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും



 മലപ്പുറം എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിനിധി സമ്മേളനം പ്രമുഖ ചിന്തകൻ രാംപുരിയാനിയും ഉദ്‌ഘാടനംചെയ്യും. 23 മുതൽ 27 വരെ പെരിന്തൽമണ്ണയിലാണ്‌ സമ്മേളനം.  പൊതുസമ്മേളനം 24ന്‌ വൈകിട്ട്‌ നാലിന്‌ പെരിന്തൽമണ്ണ മുനിസിപ്പൽ സ്‌റ്റേഡിയത്തിലും (അഭിമന്യു മഹാരാജാസ്‌ നഗർ) പ്രതിനിധി സമ്മേളനം 25 മുതൽ 27 വരെ ഏലംകുളം ഇ എം എസ്‌ സ്‌മാരക സമുച്ചയത്തിലു (ധീരജ്‌–-പി ബിജു നഗർ)മാണ്‌. സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ അനുബന്ധ പരിപാടികൾ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.  പൊതുസമ്മേളന നഗരിയായ അഭിമന്യു മഹാരാജാസ്‌ നഗറിൽ 23ന്‌ വൈകിട്ട്‌ അഞ്ചിന്‌ പതാക ഉയരും.  ദീപശിഖ ആലപ്പുഴ ചാരുംമൂട്‌ അഭിമന്യു രക്തസാക്ഷി മണ്ഡപത്തിൽ തുടങ്ങും. പതാക മഹാരാജാസ്‌ കോളേജിൽനിന്നും കൊടിമരം കണ്ണൂരിലെ ധീരജ്‌ രക്തസാക്ഷി മണ്ഡപത്തിൽനിന്നും കൊണ്ടുവരും. സ്വാഗതസംഘം ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പതാക ഉയർത്തും. ഇരുപത്തിനാലിന്‌ പകൽ മൂന്നിന്‌ പൊതുസമ്മേളനത്തിന്‌ മുന്നോടിയായി വിദ്യാർഥിറാലി ആരംഭിക്കും.   സമ്മേളനത്തിൽ 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 537 പേർ പങ്കെടുക്കും. രക്തസാക്ഷി കുടുംബസംഗമം, സംസ്ഥാന പൂർവകാല നേതൃസംഗമം എന്നിവയുണ്ടാകും. നാടൻപാട്ട്‌, ഗസൽരാവ്‌ തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറും. Read on deshabhimani.com

Related News