മൃഗസംരക്ഷണത്തിന്‌ പുതിയ 
സാധ്യതകൾ ഒരുക്കി കുടുംബശ്രീ



 മലപ്പുറം മൃഗസംരക്ഷണ മേഖലയിലെ ഉപജീവന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ അവസരമൊരുക്കി കുടുംബശ്രീ. ലൈവ് സ്റ്റോക്ക്‌ എന്റപ്രിണർ ഡെവലപ്‌മെന്റ്‌ പ്രോഗ്രാം (എൽഇഡിപി)വഴിയാണ്‌  സാധ്യതകൾ ഒരുക്കുന്നത്‌. നൂതന പ്രാദേശിക മാതൃകകൾ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നിവയാണ്‌ പദ്ധതി ലക്ഷ്യമിടുന്നത്‌. ലൈവ് സ്റ്റോക്ക്‌ മേഖലയിൽ പുതിയ യൂണിറ്റ്‌ രൂപീകരിക്കാൻ താൽപ്പര്യമുള്ളവരും നിലവിൽ യൂണിറ്റ്‌ നടത്തുന്നവരുമായ 40 വയസിനുതാഴെയുള്ള അംഗങ്ങളാണ്‌ പദ്ധതി ഭാഗമാവുക.  ഓരോ സംരംഭകർക്കും ആവശ്യമായ യൂണിറ്റ്‌ ആശയ രൂപീകരണം, സംരംഭ വിപുലീകരണം, പാക്കിങ്, മാർക്കറ്റിങ്, ബ്രാൻഡിങ്, ബാങ്കിങ്, നൂതന വിപണ സാധ്യതകൾ, ലൈസൻസ്‌, ടെക്‌നോളജി സാധ്യതകൾ പരിചയപ്പെടുത്തൽ, ഓൺലൈൻ സംവിധാനങ്ങൾ  തുടങ്ങിയ പിന്തുണ പദ്ധതിയിലൂടെ ലഭ്യമാകും. ജില്ലയിൽ പദ്ധതിയിലേക്ക്‌  കൊണ്ടോട്ടി, വണ്ടൂർ ബ്ലോക്കുകളെ  ഇന്റൻസീവ്‌ ബ്ലോക്കായി തെരഞ്ഞെടുത്തിട്ടുണ്ട്‌.  രണ്ടു ബ്ലോക്കുകളിൽനിന്നായി 50 പേരെ പരിശീലനത്തിന്‌ തെരഞ്ഞെടുത്തു. ഒരു ബ്ലോക്കിൽനിന്ന്‌ 20 വനിതകളും അഞ്ച്‌ പുരുഷന്മാരും ഉൾപ്പെടും. ഇവർക്ക്‌ ലൈവ്‌ സ്റ്റോക്ക്‌ എന്റർപ്രിണർഷിപ്പ്‌ ഡെവലപ്‌മെന്റ്‌ പ്രൊജക്ടിലൂടെ (എൽഇഡിപി) മൂന്നുദിവസത്തെ ക്യാമ്പ്‌ നടത്തി. ബൂട്ട്‌ ക്യാമ്പിൽ പങ്കെടുത്ത സംരംഭകർക്ക്‌ മാതൃകാ സംരംഭങ്ങൾ സന്ദർശിക്കാനും അവസരം ഒരുക്കും.  എൽഇഡിപി പദ്ധതിക്ക്‌ സ്റ്റേറ്റ്‌  മിഷനിൽനിന്ന്‌ രണ്ടുലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്‌. സാമ്പത്തിക പിന്തുണ  ആവശ്യമുള്ള മികച്ച രണ്ട്‌ സംരംഭകർക്ക്‌ 50,000 രൂപ ആർഎഫ്‌ ഫണ്ടും ഇന്റൻസീവ്‌  ബ്ലോക്കുകളായി തെരഞ്ഞെടുത്ത ജില്ലയിലെ രണ്ട്‌ ബ്ലോക്കുകൾക്ക്‌ മോഡൽ സിഡിഎസുകൾ സൃഷ്ടിക്കാൻ അഞ്ചുലക്ഷം രൂപയും (സിഎഫ്‌) അനുവദിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News