പീഡനക്കേസ്‌ പ്രതിയെ സംരക്ഷിച്ചിട്ടില്ല സ്വീകരിച്ചത്‌ മാതൃകാപരമായ നിലപാട്‌: സിപിഐ എം



  മലപ്പുറം വിദ്യാർഥിനികളെ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിയായ മലപ്പുറം നഗരസഭാ മുൻ കൗൺസിലർ കെ വി ശശികുമാറിനെതിരെ സിപിഐ എം സ്വീകരിച്ചത്‌ മാതൃകാപരമായ നിലപാടാണെന്ന്‌ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പ്രസ്‌താവനയിൽ പറഞ്ഞു.  പരാതി ഉയർന്നപ്പോൾത്തന്നെ ആ വ്യക്തിയെ പാർടിയിൽനിന്നും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽനിന്നും പുറത്താക്കി. ഇത്തരം വിഷയങ്ങളിൽ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഐ എമ്മിന്റേത്‌. കേസ്‌ ഒതുക്കിത്തീർക്കാൻ സിപിഐ എം ജില്ലാ നേതൃത്വം ഇടപെട്ടുവെന്ന ലീഗ്‌ മുഖപത്രത്തിന്റെ വാദം ഭാവനാസൃഷ്ടി മാത്രമാണ്‌. ശശികുമാറിനെതിരെ ഉടൻ നടപടി സ്വീകരിച്ചുവെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ ജാള്യമാണ്‌ ഇതിലൂടെ പ്രകടമാകുന്നത്‌. ഇക്കാര്യത്തിൽ സിപിഐ എം എടുത്ത നടപടി ജില്ലയിലെ മറ്റ്‌ രാഷ്‌ട്രീയ പാർടികൾക്കും സംഘടനകൾക്കും പാഠമാണ്‌.   ഇത്തരം കാര്യങ്ങളിൽ കളങ്കമേശാത്ത നിലപാട്‌ എന്നും ഉയർത്തിപ്പിടിക്കുന്ന പാർടിയാണ്‌ സിപിഐ എം. ശശികുമാറിനെതിരായ കേസുമായി ബന്ധപ്പെട്ട്‌  സിപിഐ എമ്മിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്‌. യൂത്ത്‌ലീഗ്‌ സംസ്ഥാന സെക്രട്ടറിയും അധ്യാപകനുമായ വ്യക്തിക്കെതിരെ ഇതിനേക്കാൾ ഗുരുതര പരാതികളാണ്‌ നേരത്തെ ഉയർന്നത്‌.  നിരവധി പെൺകുട്ടികളാണ്‌ ആ അധ്യാപകനെതിരെ പരാതി നൽകിയത്‌.  വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകനെതിരെ കേസെടുത്തപ്പോൾ കളങ്കിതനെ സംരക്ഷിക്കുന്ന നിലപാടാണ്‌  ലീഗും യുഡിഎഫും സ്വീകരിച്ചത്‌. പ്രതിയെ സഹായിക്കാൻ വഴിവിട്ട നീക്കങ്ങൾ നടത്തി. അന്ന്‌ ലീഗ്‌ നേതൃത്വമെടുത്ത നിലപാട്‌ നാട്ടുകാർ മറന്നിട്ടില്ല. ജില്ലക്കകത്ത്‌ ഇത്തരത്തിൽ ലീഗ്‌ നേതാക്കളായ അധ്യാപകർക്കെതിരെ നിരവധി പോക്‌സോ കേസുകൾ ചാർജ്‌ ചെയ്‌തിട്ടുണ്ട്‌, പലതിലും ശിക്ഷയും വിധിച്ചിട്ടുണ്ട്‌. അവർക്കെതിരെ ഒരുതരത്തിലുള്ള സംഘടനാ നടപടിയും ലീഗ്‌ നേതൃത്വം സ്വീകരിച്ചിട്ടില്ല.  മഞ്ചേരി നഗരസഭയിലെ ലീഗ്‌ കൗൺസിലർക്കെതിരെയും പീഡനക്കേസുണ്ടായി. അയാൾക്കും സമ്പൂർണ സംരക്ഷണം നൽകുകയായിരുന്നു യുഡിഎഫ്‌. മാത്രമല്ല, മുസ്ലിംലീഗ്‌ പ്രവർത്തകർ രക്ഷാകവചം തീർത്ത്‌ അയാളെ കൗൺസിൽ യോഗത്തിലും പങ്കെടുപ്പിച്ചു. ഇങ്ങനെ കുറ്റക്കാർക്ക്‌ കുടപിടിച്ച യുഡിഎഫാണ്‌ ഇപ്പോൾ സിപിഐ എമ്മിനെതിരെ മുനയൊടിഞ്ഞ ആരോപണങ്ങളുമായി രംഗത്ത്‌ വന്നിട്ടുള്ളത്‌. സിപിഐ എമ്മിനെതിരായ ഇത്തരം ആരോപണങ്ങൾ നാട്ടുകാർ പുച്ഛിച്ചുതള്ളും.   കെ വി ശശികുമാറിന്റെ അറസ്‌റ്റുമായി  ബന്ധപ്പെട്ട്‌ പാർടിയെ ആക്രമിക്കുന്നവരുടെ ഗൂഢലക്ഷ്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News