അഫ്‌റയുടെ ചോദ്യം ബജറ്റിൽ



താനൂർ ‘സർ, ഒരു ഏഴാംക്ലാസുകാരിയുടെ വരികളാണിത്‌. പരിസ്ഥിതിയെക്കുറിച്ച്‌ നമ്മുടെ കുട്ടികൾക്കുള്ള  തിരിച്ചറിവുപോലും മുതിർന്നവർക്കില്ലെന്നത്‌ യാഥാർഥ്യമാണ്‌’–- സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി പരിഗണനയെക്കുറിച്ച്‌ ധനമന്ത്രി പറഞ്ഞത്‌ കേട്ടപ്പോൾ പതിമൂന്നുകാരി അഫ്‌റ മർയത്തിന്റെ മുഖത്ത്‌ ആഹ്ലാദത്തിളക്കം. ഭൂമിയെയും മനുഷ്യനെയുംകുറിച്ചുള്ള അഫ്‌റയുടെ വരികളുമായാണ്‌ ബജറ്റ്‌ പ്രസംഗത്തിലെ ഭാഗം 10 തുടങ്ങുന്നത്‌. വ്യാഴാഴ്ച വൈകിട്ടാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസിൽനിന്ന്‌ വീട്ടിലേക്ക് ഫോൺ വന്നത്. കാര്യങ്ങൾ വിശദമാക്കിയിരുന്നില്ല. ബജറ്റ് വാർത്തകൾ പുറത്തുവന്നതോടെയാണ്‌ അഫ്‌റയും വീട്ടുകാരും കാര്യമറിഞ്ഞത്‌. ‘ഏറെ സന്തോഷമായി. കൂടുതൽ വായിക്കാനും എഴുതാനുമുള്ള പ്രോത്സാഹനമാണ്‌ മന്ത്രി നൽകിയത്‌’–- അഫ്‌റ പറഞ്ഞു.  പൊതുവിദ്യാഭ്യാസവകുപ്പും സർവശിക്ഷാ അഭിയാനും ചേർന്ന് വിദ്യാർഥികളുടെ സർഗസൃഷ്ടികൾ പ്രോത്സാഹിപ്പിക്കാൻ ഒരുക്കിയ അക്ഷരവൃക്ഷം പദ്ധതിക്ക് വേണ്ടിയാണ്‌ ‘എന്തുകൊണ്ട്‌’ എന്ന കവിത എഴുതിയത്‌. കരിങ്കപ്പാറ ജിയുപി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്‌‌. വാളക്കുളം കെഎച്ച്എം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്‌ ഇപ്പോൾ. ഉപജില്ലാ കലോത്സവങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്‌.      കരിങ്കപ്പാറ പാറമ്മൽ കോഴിശേരി കുഞ്ഞിമരക്കാർ –-മഞ്ഞണ്ണിയിൽ റുഖിയ ദമ്പതികളുടെ മകളാണ്. നൂറ മർയം ഇരട്ട സഹോദരി. മുഹമ്മദ് മുനീർ, അമീറ എന്നിവർ സഹോദരങ്ങൾ. Read on deshabhimani.com

Related News