ഫാക്ടറി തുറക്കാം; *ഷമീർബാബുവിന്‌ ആശ്വാസം



മലപ്പുറം ‘‘ഫാക്ടറി തുറക്കും നാലു മാസംകൊണ്ട്‌’’–- തടസ്സം നീങ്ങിയ സന്തോഷത്തിൽ കോട്ടക്കലിലെ യസ്‌ലി ഫർണിച്ചർ സംരംഭകൻ കെ ഷമീർബാബു വ്യവസായ മന്ത്രിയോട്‌ പറഞ്ഞു. 200 പേർക്ക്‌ ജോലി നൽകുന്ന ഫാക്ടറിക്കുള്ള പ്രതിബന്ധങ്ങളെല്ലാം മാറിയതിന്റെ സന്തോഷം ആ മുഖത്ത്‌‌. ആറു മാസമായി അലയുന്ന പ്രശ്‌നത്തിന്‌ പരിഹാരം‌.   മൂന്ന്‌ പരാതിയുമായാണ്‌ അദാലത്തിന്‌ എത്തിയത്‌. ഫാക്ടറി തുടങ്ങാൻ 2020ൽ വാങ്ങിയ മൂന്ന്‌ ഏക്കറിലെ മണ്ണ്‌ മാറ്റണം. ചെങ്കല്ല്‌ വെട്ടിയതിന്റെ മണ്ണായതിനാൽ അനുമതി മുടങ്ങി. വാങ്ങുമ്പോഴേ ഉള്ളതാണിതെന്നും രേഖകളുണ്ടെന്നും ഷമീർബാബു അറിയിച്ചു. മുൻ വർഷങ്ങളിലെ ഗൂഗിൾ മാപ്പ്‌ പരിശോധിച്ച്‌ നിയമാനുസൃതം ഉടൻ അനുമതി നൽകാൻ മന്ത്രിയുടെ നിർദേശം. 15 കോടി രൂപയുടെ പദ്ധതി യാഥാർഥ്യമാകാൻ കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന്‌ അഞ്ച്‌ കോടി രൂപ വായ്‌പയ്‌ക്കുള്ള അപേക്ഷയിലും തീരുമാനമായി. ‘‘പോസിറ്റീവാണ്‌. എല്ലാം പരിഹരിച്ചു. നിർമാണം ഉടൻ തുടങ്ങാം. വളരെ സന്തോഷം’’–- അദാലത്തിൽനിന്ന്‌ മടങ്ങുമ്പോൾ ഷമീർബാബുവിന്‌ ആശ്വാസം. Read on deshabhimani.com

Related News