പ്രവാസികളെ *സംരംഭകരാക്കാൻ *കർമപദ്ധതി: *മന്ത്രി പി രാജീവ്‌



മലപ്പുറം പ്രവാസികളെ സംരംഭകരാക്കി മാറ്റാനുള്ള കർമപദ്ധതിക്ക്‌ സർക്കാർ നേതൃത്വം നൽകുമെന്ന്‌ മന്ത്രി പി രാജീവ്‌. മലപ്പുറത്ത്‌ മീറ്റ്‌ ദ മിനിസ്‌റ്റർ പരിപാടി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്‌ഐഡിസി വഴി പ്രവാസി സംരംഭകർക്ക്‌ രണ്ടുകോടി രൂപവരെ അഞ്ചുശതമാനം പലിശ നിരക്കിൽ വായ്‌പ നൽകുന്നുണ്ട്‌. നൂറു കോടി രൂപ ഇതിനായി കെഎസ്‌ഐഡിസി നീക്കിവച്ചു. വ്യവസായസൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുകയാണ്‌ ലക്ഷ്യം. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ഭേദഗതിചെയ്യും. ഇതിനായി മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്‌. എഴുപതോളം സംഘടനകൾ പരാതി നൽകി. സമിതി മൂന്നുമാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കും. നൂറു ദിവസം 10,000 തൊഴിൽ സൃഷ്ടിക്കാനാണ്‌ വ്യവസായ വകുപ്പ്‌ ലക്ഷ്യമിട്ടത്‌. എന്നാൽ, 13,200 പേർക്ക്‌ തൊഴിൽ നൽകി. 3200 എംഎസ്‌എംഇകൾ ഇതിനകം രജിസ്‌റ്റർചെയ്‌തു. ഉത്തരവാദിത്ത നിക്ഷേപം ഉത്തരവാദിത്ത വ്യവസായം എന്നതാണ്‌ സർക്കാർ നയം. ഉദ്യോഗസ്ഥ സമീപനത്തിൽ വലിയ മാറ്റമുണ്ടായി. ചില ഉദ്യോഗസ്ഥർക്ക്‌ നിയമത്തെക്കുറിച്ച്‌ ധാരണയില്ല. എല്ലാ വകുപ്പിലും ചെക്ക്‌ ലിസ്‌റ്റ്‌ സംവിധാനം കൊണ്ടുവരും. വ്യവസായത്തിന്‌ അപേക്ഷിക്കുമ്പോൾ എന്തെല്ലാം രേഖകൾ വേണമെന്ന്‌ മുൻകൂട്ടി അറിയിക്കും. അപേക്ഷ സ്വീകരിക്കുമ്പോൾ ചെക്ക്‌ലിസ്‌റ്റ്‌  പരിശോധിക്കും. എല്ലാ സേവനങ്ങളും ഓൺലൈനിലേക്ക്‌ മാറ്റാനാണ്‌ സർക്കാർ തീരുമാനം. ജനസേവകരാണെന്ന ബോധം സർക്കാർ ജീവനക്കാർക്ക്‌ വേണമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News