രണവീഥികളിലെ ക്ഷുഭിതയൗവ്വനം

ദേവദാസ്‌ പൊറ്റക്കാട്


  മലപ്പുറം ഒരിക്കൽ ഞാൻ അവനോട്‌ ചോദിച്ചു–- ‘‘നിനക്ക്‌ നിലമ്പൂർ കാട്‌ വേണോ. തിരുവനന്തപുരം ഭരണം  വേണോ? . എനിക്ക്‌ കാടുമതി. പ്രകൃതി മതി. അതുവിട്ടുള്ള ഒന്നിനും എന്നെ കിട്ടില്ല–-ദേവദാസ്‌ പൊറ്റക്കാടിൽ തികഞ്ഞ പ്രകൃതിസ്‌നേഹിയെ കണ്ട നിമിഷത്തെ കടമ്മനിട്ട വാക്കുകളിൽ അടയാളപ്പെടുത്തിയത്‌ ഇങ്ങനെയായിരുന്നു. ദേവദാസിന്റെ ഒറ്റവരി കത്തിലൂടെ മായാജാലത്തിന്റെ ആദ്യവേദി ലഭിച്ചതിന്റെ ചാരിതാർഥ്യം ഗോപിനാഥ്‌ മുതുകാടിൽ ഇന്നുമുണ്ട്‌. സവിശേഷതകളേറെയുള്ള നേതാവായിരുന്നു ദേവദാസ്‌ പൊറ്റക്കാട്‌ എന്നതിന്‌ ഈ സ്‌മരണകൾ സാക്ഷ്യം.  വിദ്യാർഥി അവകാശപ്പോരാട്ടത്തിന്റെ അമരക്കാരനും എസ്‌എഫ്‌ഐ പ്രഥമ സംസ്ഥാന പ്രസിഡന്റുമായിരുന്നു അദ്ദേഹം.  നിലമ്പൂർ വീട്ടിക്കുത്ത്‌ സ്വദേശി ദേവദാസ്‌ പൊറ്റക്കാട്‌ തവനൂർ കാർഷിക കോളേജ്‌ പഠനകാലത്താണ്‌ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമാവുന്നത്‌. പിന്നീട്‌ സജീവ പ്രവർത്തനങ്ങളുമായി മുന്നേറി. 1970 ഡിസംബറിൽ കെഎസ്‌എഫ്‌  ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളെ  ഉൾപ്പെടുത്തി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (എസ്‌എഫ്‌ഐ) രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന കെഎസ്‌എഫിനെ സംസ്ഥാന ഘടകമായും മാറ്റി. 1972ൽ പാലക്കാടാണ്‌ എസ്‌എഫ്‌ഐയുടെ  പ്രഥമ സംസ്ഥാന സമ്മേളനം നടന്നത്‌. സംസ്ഥാന കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറിയായി ജി സുധാകരനെയും പ്രസിഡന്റായി ദേവദാസ്‌ പൊറ്റക്കാടിനെയും സമ്മേളനം തെരഞ്ഞെടുത്തു.1973ൽ കോട്ടയത്ത്‌ ചേർന്ന രണ്ടാം സംസ്ഥാന സമ്മേളനത്തിലും ഭാരവാഹിത്വം തുടർന്നു. എസ്‌എഫ്‌ഐ ചരിത്രത്തിലെ നാഴികക്കല്ലാണ്‌ 1972 –-73 കാലഘട്ടം . വലിയ രീതിയിൽ കെഎസ്‌യു ആക്രമണങ്ങൾ നേരിട്ട നാളുകൾ. എങ്കിലും കരുത്തോടെ മുന്നേറി. തുടക്കത്തിൽതന്നെ പട്ടികജാതി വിദ്യാർഥികളുടെ ഹോസ്റ്റൽ സൗകര്യം, സ്റ്റൈപെൻഡ്‌ വർധന തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ദേവദാസ്‌ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ  വലിയ സമരങ്ങളാണ്‌  ഏറ്റെടുത്തത്‌.       സരസമായ ശൈലിയിൽ കുഞ്ഞുകവിതകൾ  ഉൾപ്പെടുത്തി ഘനഗംഭീരമായ ശബ്ദത്തിൽ ആരെയും ആകർഷിക്കുന്ന സംസാരരീതിയായിരുന്നു ദേവദാസിന്‌. കാർഷിക കോളേജിൽനിന്ന്‌ പഠനം പൂർത്തിയാക്കി നിലമ്പൂരിൽ തിരിച്ചെത്തിയപ്പോൾ കൃഷിയും കർഷകസംഘം പ്രവർത്തനങ്ങളുമായി സജീവമായി. അതിനിടെ  നാട്ടിലെ പൊതുവേദിയിൽ സംസാരിക്കാൻ അവസരംകിട്ടി. അതൊരു തുടക്കമായിരുന്നു. പിന്നീട്‌ അനേകം വേദികളിൽ ഉറച്ചശബ്‌ദമായി ദേവദാസ്‌ മാറി. സംഘടനാ പ്രവർത്തനത്തിനൊപ്പം കലാസാംസ്‌കാരിക പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായി. നാടകം, കവിയരങ്ങ്‌, ഫിലിംസൊസൈറ്റി തുടങ്ങിയവയിലും മുൻനിരയിലുണ്ടായി. Read on deshabhimani.com

Related News