കനോലിയില്‍ കണ്ണാകും ന​ക്ഷത്രവനങ്ങള്‍

നഗരവനം പദ്ധതിക്കായി കനോലി പ്ലോട്ടിൽ സ്ഥലമൊരുക്കുന്നു


നിലമ്പൂർ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കനോലി പ്ലോട്ടിൽ 27 നക്ഷത്ര വൃക്ഷ​ങ്ങളും ഔഷധ വൃക്ഷങ്ങളും തലയുയർത്തി നിൽക്കുന്ന കാടൊരുങ്ങും. ന​ഗരവനം മാതൃകയിലാണ് നക്ഷത്ര വൃക്ഷങ്ങളുടെയും ഔഷധ വൃക്ഷങ്ങളുടെയും തോട്ടമൊരുക്കാൻ വനംവകുപ്പ് തയ്യാറെടുക്കുന്നത്. കനോലി പ്ലോട്ടിന് ചേർന്ന് പൂട്ടിക്കിടക്കുന്ന മരവ്യവസായ ശാലയ്ക്ക് സമീപമാണ് വന തോട്ടങ്ങൾ ഒരുക്കുക. നിലവിലുള്ള മരങ്ങളും സസ്യങ്ങളും സംരക്ഷിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രൊജക്ട് റിപ്പോർട്ട് വനം വകുപ്പ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കും.  ഒരു ഹെക്ടർ സ്ഥലത്താണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. സന്ദർശകരെ ആകർഷിക്കാൻ അപൂർവ പൂച്ചെടികളും അലങ്കാര വൃക്ഷങ്ങളും പന്നൽ ചെടികളും ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കും. രണ്ട് വർഷം കഴിയുമ്പോൾ വനത്തിനുള്ളിൽ പ്രവേശിക്കാൻ സന്ദർശകർക്ക് അനുമതി നൽകും. ഔഷധ തോട്ടത്തിൽ മരോട്ട്, താന്നി, പുന്ന, നീർമരുത്, ആര്യവേപ്പ്, കൂവളം, ഇരിപ്പ, പലകപച്ചാനി, അശോകം, എല്ലൂറ്റിപച്ച എന്നീ  ഔഷധവൃക്ഷങ്ങളാണ് ആദ്യഘട്ടത്തിൽ നട്ടുപിടിപ്പിക്കുക. നക്ഷത്രവന തോട്ടത്തിൽ അശ്വതി നാളിന് കാഞ്ഞിരവും ഭരണി–- നെല്ലി, കാർത്തിക-–- --അത്തി, രോഹിണി–ഞാവൽ, മകയിരം– കരിങ്ങാലി, തിരുവാതിര– കരിമരം, പുണർതം– മുള, പൂയം– അരയാൽ, ആയില്യം– നാഗം, മകം– പേരാൽ, പൂരം– ചമത, ഉത്രം– ഇത്തി, അത്തം– അമ്പഴം, ചിത്തിര– കൂവളം, ചോതി– നീർമരുത്, വിശാഖം– വയ്യങ്കത, അനിഴം– ഇലഞ്ഞി, തൃക്കേട്ട– വെട്ടി, മൂലം– വെള്ളപൈൻ, പൂരാടം– വഞ്ചി, ഉത്രാടം– പ്ലാവ്, തിരുവോണം– എരുക്ക്, അവിട്ടം– വന്നി, ചതയം– കടമ്പ്, പൂരൂരുട്ടാതി– തേൻമാവ്, ഉത്രട്ടാതി– കരിമ്പന, രേവതി –ഇലിപ്പ എന്നീ  ക്രമത്തിലാണ് നക്ഷത്ര വനമൊരുക്കുക. ഓരോ നക്ഷത്രമരങ്ങളിലും നക്ഷത്രത്തിന്റെ പേരും വൃക്ഷത്തിന്റെ ശാസ്ത്രീയനാമവും രേഖപ്പെടുത്തി പ്രത്യേകം തറ കെട്ടി സംരക്ഷിക്കും. കെഎഫ്ആർഐ, സോഷ്യൽ ഫോറസ്ട്രി, സംസ്ഥാന സർക്കാരി​ന്റെ ആയൂർവേദ ​ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. വനം സംരക്ഷണ സമിതിക്കായിരിക്കും വൃക്ഷങ്ങളുടെ പരിപാലന ചുമതല. Read on deshabhimani.com

Related News