‘സിൽവർ ലൈൻ *ജനസമക്ഷം’ നാളെ



മലപ്പുറം സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസർകോട്‌-–- തിരുവനന്തപുരം അർധ അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ‘കെ റെയിൽ ജനസമക്ഷം’ പരിപാടി ഞായറാഴ്‌ച മലപ്പുറത്ത്‌ നടക്കും. സംസ്ഥാന സർക്കാരും കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും സംയുക്തമായാണ്‌ വിശദീകരണ യോഗം നടത്തുന്നത്‌. രാവിലെ 10.30ന്‌ മലപ്പുറം വുഡ്‌ബൈൻ ഫോളിയാജ് ഹോട്ടൽ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി. മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി, വി അബ്ദുറഹ്‌മാൻ എന്നിവർ പങ്കെടുക്കും. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്ക്‌ നാലുമണിക്കൂറിനുള്ളിൽ‌ എത്താൻ കഴിയുമെന്നതാണ്‌ പദ്ധതിയുടെ പ്രധാന പ്രത്യേകത. ജില്ലയിലെ ഏക സ്റ്റോപ്പ്‌ തിരൂരിലാണ്‌. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റേഷനുകൾ. തൃശൂർ സ്റ്റേഷനിൽനിന്ന് തിരൂരിലേക്ക് 61 കി.മിയും തിരൂരിൽനിന്ന് കോഴിക്കോട് സ്റ്റേഷനിലേക്ക് 37 കി.മിയുമാണ് ദൂരം. 13.04 ഹെക്ടർ ഏരിയയിൽ തിരൂരിൽ സ്റ്റേഷൻ നിർമിക്കും. അഞ്ച്‌ മേഖലകളായി തിരിച്ചാണ്‌ നിർമാണം. നാലാം മേഖലയിലാണ്‌ (തൃശൂർ–- കോഴിക്കോട്‌) ജില്ലയിലെ ഭൂപ്രദേശം ഉൾപ്പെടുക. ജില്ലയിൽ കെ റെയിലിനായി ഏറ്റെടുക്കുക 108.13 ഹെക്ടർ ഭൂമി. സർക്കാർ, റെയിൽവേ, സ്വകാര്യ ഭൂമി ഉൾപ്പെടെയാണിത്‌. നിലവിലെ റെയിൽവേ ലൈനിന്‌ സമാന്തരമായി തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലാണ്‌ കെ–-റെയിലിന്‌ ഭൂമി ഏറ്റെടുക്കുക. കെ റെയിൽ യാഥാർഥ്യമാകുന്നതോടെ വ്യവസായ, ടൂറിസം രംഗത്ത്‌ വൻ കുതിപ്പിന് സഹായകരമാകുമെന്നാണ്‌ പ്രതീക്ഷ. വ്യാപാര മേഖലക്കും ഊർജം പകരും. Read on deshabhimani.com

Related News