ജില്ലാ സഹ. ബാങ്ക്‌ തെരഞ്ഞെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കണം: സിപിഐ എം



മലപ്പുറം അൽപ്പായുസ്സ് മാത്രമുള്ള മലപ്പുറം ജില്ലാ സഹകരണ ബാങ്കിലേക്ക്‌ 25ന്‌ നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽനിന്ന്‌‌  സഹകാരികൾ വിട്ടുനിൽക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. കേരള ബാങ്കിന്‌ റിസർവ്‌ ബാങ്കിന്റെ അന്തിമാനുമതി ലഭിച്ചതോടെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക്‌ കാലഹരണപ്പെട്ടു. സഹകരണ ക്രഡിറ്റ്‌‌ മേഖലയിലെ ത്രിതല സംവിധാനം ദ്വിതലത്തിലേക്ക്‌ മാറ്റുന്ന ബിൽ നിയമസഭ പാസാക്കി നിയമമാവുകയും ചെയ്‌തു. ഇതോടെ ജില്ലാ ബാങ്ക്‌ സംവിധാനം ഇല്ലാതായി.  മുസ്ലിംലീഗിന്റെ സങ്കുചിത രാഷ്‌ട്രീയ താൽപ്പര്യം സംരക്ഷിക്കാനാണ്‌ മലപ്പുറം ജില്ലാ ബാങ്ക്‌ കേരള ബാങ്കിന്റെ ഭാഗമാകാതെ വിട്ടുനിൽക്കുന്നത്‌. എന്നാൽ, ലീഗ്‌–- യുഡിഎഫ്‌ നേതൃത്വത്തിലുള്ള ജീവനക്കാരെയും സംഘടനകളെയും സ്വന്തം നിലപാട്‌ ബോധ്യപ്പെടുത്താൻ നേതൃത്വത്തിനായിട്ടില്ല.  കേരള ബാങ്കിൽനിന്നും വിട്ടുനിൽക്കാൻ ലീഗ്‌ നേതൃത്വം ഉയർത്തുന്ന വാദമുഖങ്ങൾ യുക്തിസഹമല്ല. ലീഗ്‌ ഉയർത്തിയ തടസ്സവാദങ്ങളെല്ലാം തള്ളിയാണ്‌ കേരള ബാങ്കിന്‌ റിസർവ്‌ ബാങ്ക്‌ അംഗീകാരം നൽകിയത്‌. ഇതേ വാദമുന്നയിച്ചാണ്‌ സർക്കാർ  ഓർഡിനൻസിനെതിരെ ലീഗ്‌ നിയന്ത്രണത്തിലുള്ള തുവ്വൂർ സഹകരണ ബാങ്ക്‌ ഹൈക്കോടതിയിൽ റിട്ട്‌ ഹർജി നൽകിയത്‌. ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കോടതി ഓർഡിനൻസ്‌ താൽക്കാലികമായി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്‌. കേസിൽ അന്തിമവിധി വന്നിട്ടില്ല.  കോടതിവിധി മലപ്പുറം ജില്ലാ ബാങ്കിന്‌ അനുകൂലമായാലും നിലനിൽപ്പ്‌ എളുപ്പമല്ല. കേരള ബാങ്ക്‌ പ്രവർത്തനസജ്ജമാകുന്നതോടെ ജില്ലാ ബാങ്ക്‌ അപ്രസക്തമാകും. മലപ്പുറം ജില്ലയിലും കേരള ബാങ്കിന്‌ ശാഖകൾ ആരംഭിക്കാനാകും. കേരള ബാങ്കിന്‌ സർക്കാർ–- സർക്കാതിര സ്ഥാപനങ്ങളിൽനിന്ന്‌ സഹായങ്ങളും ഫണ്ടും ലഭിക്കുമ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്‌ ഇതെല്ലാം നഷ്ടമാകും. സഹകരണ രംഗം ദ്വിതല സംവിധാനത്തിലേക്ക്‌ മാറുന്നതോടെ ‌ പ്രാഥമിക സർവീസ്‌ ബാങ്കുകളുടെ അഫിലിയേഷൻ കേരള ബാങ്കിലേക്ക്‌ മാറും. ഇതോടെ ജില്ലാ ബാങ്കിന്റെ നിലനിൽപ്പുതന്നെ പ്രയാസമാകും. ജില്ലയുടെ വികസന താൽപ്പര്യങ്ങൾക്ക്‌ ഹാനികരമായ നിലപാട്‌ തിരുത്തി ലീഗും യുഡിഎഫും കേരള ബാങ്കുമായി സഹകരിക്കാൻ തയ്യാറാവണം. ഇതിനായി അതിശക്തമായ ബഹുജന സമ്മർദം ഉയർന്നുവരണമെന്നും ജില്ലാ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു. Read on deshabhimani.com

Related News