കലിക്കറ്റിന്‌ ദേശീയ അവാർഡ്



തേഞ്ഞിപ്പലം മികച്ച പ്രവർത്തനത്തിനുള്ള എൻഎസ്‌എസ്‌ ദേശീയ അവാർഡ് കലിക്കറ്റ്  സർവകലാശാലക്ക് ലഭിച്ചു. കഴിഞ്ഞ മൂന്നു വർഷം നടത്തിയ തിളക്കമാർന്ന പ്രവർത്തനങ്ങളാണ് കേന്ദ്ര യുവജന സ്പോര്‍ട്സ്  മന്ത്രാലയം നൽകുന്ന അവാർഡിന് ഇന്ത്യയിലെ മറ്റ്‌ സർവകലാശാലകളെ പിന്തള്ളി  കലിക്കറ്റിനെ തെരഞ്ഞെടുക്കാൻ കാരണം. മികച്ച പ്രോഗ്രാം കോ- ഓഡിനേറ്റർക്കുള്ള ദേശീയ പുരസ്കാരം പി വി വത്സരാജിനാണ്. സർവകലാശാലയുടെ സുവർണ ജൂബിലിയുടെ ഭാഗമായി നടപ്പാക്കിയ ഭവന നിർമാണ പദ്ധതി "അഭയം' ആണ് നടപ്പാക്കിയ ശ്രദ്ധേയമായ പ്രവർത്തനം. 250 പേർക്ക് വീടുകൾ നിർമിച്ചു നൽകാനാണ് തീരുമാനമെടുത്തത്. 194 വീടുകൾ  ഗുണഭോക്താക്കൾക്ക് കൈമാറി. 56 വീടുകൾ നിർമാണത്തിലാണ്. അഞ്ചു ജില്ലകളിലെയും കോളേജ് യൂണിറ്റുകളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.  നിർമ്മാണ തുക സംഭരിച്ചതും എൻഎസ്എസ് യൂണിറ്റുകളായിരുന്നു. 13 കോടിയുടെ ഭവന നിർമാണമാണ് നടത്തിയത്. പ്രളയബാധിതരായവരുടെ ഒട്ടേറെ വീടുകളും യൂണിറ്റുകളുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണി ചെയ്തു. പ്രളയ ബാധിതരെ സഹായിക്കുന്നതിനായി ലോഡ് കണക്കിന് സാധനങ്ങളാണ് ശേഖരിച്ച് അഞ്ചു ജില്ലകളിലായി നൽകിയത്. വയനാട്ടിലും നിലമ്പൂരിലും നടത്തിയ സപ്തദിന ക്യാമ്പുകൾ ദുരിതബാധിതർക്ക് ഏറെ സഹായകമായി. 250 ഏക്കറിലേറെ വരുന്ന തരിശുഭൂമിയിൽ കൃഷിയിറക്കി. നിലമ്പൂർ കരുളായി ആദിവാസി കോളനിയെ സമ്പൂർണ ഓൺലൈൻ ബാങ്കിങ് സാക്ഷരത മേഖലയാക്കി മാറ്റി.  228 പ്രോഗ്രാം ഓഫീസർമാരുടെയും 22,800 വളന്റിയർമാരുടെയും അവരുടെ കുടുംബങ്ങളുടെയും നാട്ടുകാരുടെയും  അക്ഷീണ പ്രയത്നംകൊണ്ടാണ്  സർവകലാശാലക്ക് ഈ നേട്ടം കൈവരിക്കാനായതെന്ന് പ്രോഗ്രാം കോ–- ഓർഡിനേറ്റർ പി വി വത്സരാജ് പറഞ്ഞു. Read on deshabhimani.com

Related News