രൂപരേഖ ഉടൻ 
സമർപ്പിക്കും



തേഞ്ഞിപ്പലം ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി കലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ ഹോക്കി ടർഫ് നിർമിക്കുന്നതിനുള്ള പദ്ധതി രൂപരേഖ സർവകലാശാല തയ്യാറാക്കി. പദ്ധതിക്കുള്ള സാമ്പത്തിക സഹായത്തിനായി സംസ്ഥാന സർക്കാർവഴി കേന്ദ്ര യുവജന- കായിക ക്ഷേമ മന്ത്രാലയത്തിന് അപേക്ഷ നൽകും. സർവകലാശാല തയ്യാറാക്കിയ പ്രൊജക്ട് റിപ്പോർട്ട് വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് പ്രകാശിപ്പിച്ചു. ചടങ്ങിൽ കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, അസി. ഡയറക്ടർ ഡോ. കെ ബിനോയ്, പിആർഒ സി കെ ഷിജിത്ത് എന്നിവർ സംസാരിച്ചു.  ഏഴുകോടി രൂപയാണ് ഹോക്കി സ്‌റ്റേഡിയത്തിനായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ അഞ്ചരക്കോടി രൂപ കേന്ദ്ര ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. സിന്തറ്റിക് സ്റ്റേഡിയത്തിനുപുറമെ ഗാലറി, ശുചിമുറികൾ, വസ്ത്രം മാറുന്നതിനുള്ള മുറികൾ എന്നിവയെല്ലാമുണ്ടാകും. സർവകലാശാലയുടെ അക്വാറ്റിക് കോംപ്ലക്‌സിന് സമീപത്തായാണ് ഹോക്കി സ്‌റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്‌.  അഖിലേന്ത്യാ അന്തർസർവകലാശാലാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽവരെ കലിക്കറ്റ് ടീം എത്താറുണ്ട്. പരിശീലനത്തിന് മികച്ച മൈതാനമുണ്ടെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം ടീമുകൾക്ക് കാഴ്ചവയ്ക്കാനാകുമെന്ന് സർവകലാശാലാ കായികവിഭാഗം ഡയറക്ടർ ഡോ. വി പി സക്കീർ ഹുസൈൻ പറഞ്ഞു. Read on deshabhimani.com

Related News