പച്ചത്തേങ്ങ സംഭരണം: നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്രങ്ങൾ തുറക്കണം



മലപ്പുറം പച്ചത്തേങ്ങ സംഭരണത്തിനായി ജില്ലയിൽ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച്  കേന്ദ്രങ്ങൾ തുറക്കണമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുണമേന്മയുള്ള തേങ്ങ കയറ്റുമതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. നിലവിൽ പച്ചത്തേങ്ങയ്ക്ക്‌  കിലോക്ക് 29–-28 രൂപ വരെയായി വില കുറഞ്ഞു. കോവിഡ്‌ അടച്ചുപൂട്ടലിലുമുള്ള വരുമാന നഷ്ടത്തിനിടെയാണ്‌  പച്ചത്തേങ്ങ വിലയിടിവ്.  സംസ്ഥാന സർക്കാർ  32 രൂപയ്ക്ക് പച്ചത്തേങ്ങ സംഭരിക്കുമെന്ന തീരുമാനം ആശ്വാസകരമാണ്. എന്നാൽ ജില്ലയിൽ പെരുമ്പടപ്പ് കോക്കനട്ട് പ്രൊഡ്യൂസിങ് കമ്പനിക്ക്‌ മാത്രമാണ് സംഭരണത്തിന്‌ അനുമതിയുള്ളത്. വിദൂര ഭാഗങ്ങളിലുള്ളവർക്ക്‌ ഇവിടെ ഉൽപ്പന്നം എത്തിക്കാൻ  പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്‌. ഒറ്റ കേന്ദ്രത്തിൽമാത്രം സംഭരണം നടത്തുന്നതുമൂലം സർക്കാർ സഹായം കർഷകർക്ക്‌ ലഭിക്കാതെവരും. കർഷകർക്ക്‌ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാൻ കൃഷിവകുപ്പും സംസ്ഥാന സർക്കാരും അടിയന്തരമായി ഇടപെടണമെന്നും നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സംഭരണകേന്ദ്രങ്ങൾ ആരംഭിക്കണമെന്നും കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News