മിൽമ ‘ഫുഡ് ട്രക്ക്’ പദ്ധതിക്ക് ജില്ലയിൽ തുടക്കം

പെരിന്തൽമണ്ണയിൽ ആരംഭിച്ച മിൽമ ഫുഡ്‌ ട്രക്ക് നഗരസഭാ ചെയർമാൻ 
പി ഷാജി തുറന്നുകൊടുക്കുന്നു


 പെരിന്തൽമണ്ണ മില്‍മ ഉൽപ്പന്നങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന മിൽമ ‘ഫുഡ് ട്രക്ക്' പദ്ധതിക്ക്‌ ജില്ലയില്‍ തുടക്കമായി. പെരിന്തല്‍മണ്ണ കെഎസ്ആർടിസി ഡിപ്പോയില്‍ സജ്ജമാക്കിയ ജില്ലയിലെ ആദ്യ ഫുഡ് ട്രക്ക്‌ മന്ത്രി വി അബ്ദുറഹ്മാന്‍ ഓണ്‍ലൈൻ വഴി ഉദ്‌ഘാടനംചെയ്‌തു. മില്‍മ മലബാര്‍ മേഖല യൂണിയനും കെഎസ്ആർടിസിയും സംയുക്തമായാണ് ഫുഡ് ട്രക്ക് പദ്ധതി നടപ്പാക്കുന്നത്. മലബാര്‍ മില്‍മയുടെ എല്ലാ ഉൽപ്പന്നങ്ങളും  ന്യായമായ വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. കെഎസ്ആർടിസിയുടെ പഴയ ബസുകള്‍ മില്‍മ ഏറ്റെടുത്ത് നവീകരിച്ച്  കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വ്യാവസായിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച്  മില്‍മ  ഉൽപ്പന്നങ്ങൾ വിതരണംചെയ്യാനാണ് തീരുമാനം. കെഎസ്ആർടിസിക്ക് മില്‍മ പ്രതിമാസ വാടകയും നല്‍കും. രണ്ടുലക്ഷത്തിന് വാങ്ങിയ കെഎസ്ആര്‍ടിസി പഴയ ബസ് അഞ്ചുലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചാണ് ഫുഡ് ട്രക്കാക്കി മാറ്റിയത്. ഫുഡ് ട്രക്കില്‍ ഒരേസമയം എട്ട് പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാം. മില്‍മ ചെയര്‍മാന്‍ കെ എസ്‌  മണി അധ്യക്ഷനായി. പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍മാന്‍ പി ഷാജി താക്കോല്‍ദാനം നിർവഹിച്ചു. കൗണ്‍സിലര്‍ ഹുസൈന നാസര്‍ ആദ്യവില്‍പ്പന നടത്തി. മില്‍മ മലബാര്‍ യൂണിയന്‍ ഡയറക്ടര്‍ ടി പി ഉസ്മാന്‍, മലബാര്‍ യൂണിയന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. പി മുരളി,  മില്‍മ മലപ്പുറം ഡെയ്‌റി മാനേജര്‍ മാത്യു വര്‍ഗീസ്, പെരിന്തല്‍മണ്ണ കെഎസ്ആര്‍ടിസി ഡിടിഒ കെ പി രാധാകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News