ആരോഗ്യ സര്‍വകലാശാലാ *പരിശോധന പൂര്‍ത്തിയായി



മഞ്ചേരി മഞ്ചേരി നഴ്സിങ് കോളേജിൽ വിദ്യാർഥി പ്രവേശനത്തിന്‌ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട കേരള ആരോഗ്യ സർവകലാശാലാ അധികൃതരുടെ പരിശോധന പൂർത്തിയായി. ഭരണവിഭാഗം അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കോളേജിന്‌ അനുവദിച്ച ഓഫീസ്, ക്ലാസ് മുറികൾ, ലാബ്, താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘം പരിശോധിച്ചു. നടപടികൾ പൂർത്തിയാക്കി പരിശോധനാ റിപ്പോർട്ട് സർവകലാശാല സമിതിക്ക് സമർപ്പിക്കും. ഇതിനുശേഷമാകും പ്രവേശനാനുമതി നൽകുക. കേരളാ നഴ്സിങ് ആൻഡ്‌ മിഡ്‌വൈവ്സ് കൗൺസിലി (കെഎൻഎംസി)ന്റെ ആദ്യഘട്ട പരിശോധനയും ഈമാസം ആദ്യവാരം പൂർത്തിയാക്കിയിരുന്നു.  കേരള- കേന്ദ്ര അലോട്ട്മെന്റ് വഴി ആദ്യ ബാച്ചിൽ 70 പേർക്ക് പ്രവേശനം നൽകും. അലോട്ട്മെന്റ് പൂർത്തിയാക്കി അടുത്തമാസം ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമം. പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ പ്രിൻസിപ്പൽ, പ്രൊഫസർമാർ ഉൾപ്പെടെ എട്ടുപേർക്ക് താൽക്കാലിക ചുമതല നൽകി. കോഴിക്കോട് കോളേജിൽനിന്നുള്ള അധ്യാപകരെയാണ് വർക്ക് അറേജ്‌മെന്റ് അടിസ്ഥാനത്തിൽ മഞ്ചേരിയിൽ നിയമനം നൽകിയത്. പ്രവേശനാനുമതി ലഭിച്ചയുടൻ സൃഷ്ടിച്ച തസ്തികകൾ മുഴുവനായും നികത്തും. ഒന്നാം അധ്യയന വർഷത്തേക്കുള്ള തസ്തികകളാണ് സൃഷ്ടിച്ചത്. പ്രിൻസിപ്പൽ, പ്രൊഫസർ, അസി. പ്രൊഫസർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, സീനിയർ സൂപ്രണ്ട്, സീനിയർ ക്ലർക്ക്, ക്ലർക്ക്, ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയൻ ഗ്രേഡ് വൺ, ഹൗസ് കീപ്പർ, ഫുൾടൈം സ്വീപ്പർ, ഡ്രൈവർ കം അറ്റൻഡന്റ്, വാച്ച്മാൻ എന്നിങ്ങനെ 18 തസ്തികൾ സൃഷ്ടിക്കാൻ സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ മാസം അവസാനത്തോടെ നിയമനങ്ങൾ നടത്താനാണ്‌ നിർദേശം. Read on deshabhimani.com

Related News