തണലൊരുക്കി സ്‌നേഹഭവൻ



   പെരിന്തൽമണ്ണ നഗരസഭ രജത ജൂബിലി മിഷൻ പദ്ധതിയിലുൾപ്പെടുത്തി ലൈഫ് -പിഎംഎവൈ  പദ്ധതി  പ്രകാരം നിർമാണം പൂർത്തിയായ പട്ടികജാതി കുടുംബങ്ങൾക്കുള്ള 210 സ്നേഹഭവനങ്ങൾ കൈമാറി. 2019 ജനുവരി നിർമാണം ആരംഭിച്ച ആദ്യ ബാച്ചിലെ വീടുകളാണ്‌ കൈമാറിയത്‌. എസ് സി കോളനികളുടെ സമ്പൂർണ നവീകരണമാണ്‌ പദ്ധതി ലക്ഷ്യം. പദ്ധതിക്കായി നടത്തിയ സർവേ പ്രകാരം നഗരസഭയിലെ എസ് സി വിഭാഗത്തിന്റെ 1052 വീടുകളിൽ  വാസയോഗ്യമല്ലാത്ത വീടുകളുള്ള 486 കുടുംബങ്ങളും സ്ഥലമുള്ള വീടില്ലാത്ത 67 കുടുംബങ്ങളും സ്ഥലവും വീടും ഇല്ലാത്ത 82 കുടുംബങ്ങളുമുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. ഇവരെ  ലൈഫ് പദ്ധതി ഗുണഭോക്താക്കളായി തെരഞ്ഞെടുത്താണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 42 കോടിരൂപയാണ്  ചെലവ്. രണ്ടാംഘട്ടത്തിൽ നിർമാണം ആരംഭിച്ച 200 വീടുകൾ ആഗസ്തിലും മൂന്നാംഘട്ടത്തിൽ ആരംഭിച്ച 157 വീടുകൾ സെപ്തംബറിലും പൂർത്തീകരിച്ച് കൈമാറും. കുടുംബശ്രീ സംരംഭക ഗ്രൂപ്പ്‌  മാലാഖ സൊല്യൂഷനാണ്  നിർമാണത്തിന് നേതൃത്വം നൽകിയത്. നഗരസഭയിൽനിന്ന് നൽകുന്ന ലൈഫ്മിഷൻ പിഎംഎവൈ വിഹിതമായ നാലുലക്ഷം, തൊഴിലുറപ്പ് വിഹിതമായ 25,000 രൂപ, ശുചിത്വമിഷൻ വിഹിതമായ 15,000 രൂപയുമടക്കം 4.40 ലക്ഷം രൂപയാണ് നഗരസഭ ഭവനങ്ങൾക്ക് നൽകുന്ന വിഹിതം.  23 വാർഡുകളിലായാണ് 210 ഭവനങ്ങൾ പൂർത്തിയായിട്ടുള്ളത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് 15 വ്യത്യസ്ത കേന്ദ്രങ്ങളിൽ പദ്ധതിയുടെ താക്കോൽദാനം നിർവഹിച്ചു. മുനിസിപ്പൽതല ഉദ്ഘാടനം കാരയിൽ കോളനിയിൽ നഗരസഭാ ചെയർമാൻ എം മുഹമ്മദ് സലിം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ നിഷി അനിൽരാജ് അധ്യക്ഷയായി. കൗൺസിലർ താമരത്ത് ഉസ്മാൻ, നഗരസഭാ സെക്രട്ടറി എസ് അബ്ദുൾ സജിം, പിഎംഎവൈ കോഡിനേറ്റർ കെ സുബിൻ, കീഴ്ശേരി മുസ്തഫ, യു പി വിനോദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News