പാലനാട് മനയിൽനിന്നും ‘അൽഹംദുലില്ലാഹ്’



  പെരിന്തൽമണ്ണ മുല്ലാ ബസാറിന്റെ നിശ്ശബ്ദകാമുകി സുജാതക്കും അവളുടെ സൂഫി കാമുകനും പ്രണയം പകർന്ന വരികൾക്കും പറയാനുണ്ട്‌ ഒരു പ്രണയകഥ. സംഗീതം ജീവവായുവായ പാലനാട് മനയിൽ സുദീപിന്റെ സംഗീതപ്രണയം പറയാതെ പറയുകയാണ്‌  ‘അൽഹംദുലില്ലാഹ്‌’  വരികൾ. ‘സൂഫിയും സുജാതയും’ ചിത്രത്തിലെ ‘അൽഹംദുലില്ലാഹ്‌’ ഹിറ്റ്‌ ഗാനത്തിന്‌ സംഗീതം നൽകുകയും പാടുകയും ചെയ്തത്  മലപ്പുറം കട്ടുപ്പാറ  സ്വദേശി സുദീപ് പാലനാടാണ്. തന്റെ സംഗീതത്തെ കുറിച്ച്‌ സുദീപ്‌ പറയുന്നത്‌ ഇങ്ങനെ–- ‘ഒരു മനയിൽ ജനിച്ച ഞാൻ  ‘അൽഹംദുലില്ലാഹ്’ എന്ന് പാടിയപ്പോൾ പലർക്കും ആശ്ചര്യം തോന്നിയേക്കാം. സൂഫി സംഗീതത്തോട്‌ ചേർന്നുനിൽക്കുന്ന ഗാനം എങ്ങനെ സംഗീതം നൽകി പാടി എന്നൊക്കെ ചിന്തിക്കാം. ആ സംഗീതത്തിന്റെ  ഭംഗി ആദ്യം മനസ്സിലേക്കുതന്നത് എന്റെ വീടിന്റെ നാലുദിക്കിലുമുള്ള മുസ്ലിം  പള്ളികളാണ്. അവിടെനിന്നുള്ള ബാങ്ക് വിളിയും പ്രാർഥനയും എന്നും മനസ്സിനെ സ്വാധീനിച്ചിട്ടുണ്ട്. പിന്നെയാണ് മനസ്സിലേക്ക് സൂഫിസംഗീതം ഒരു ഭ്രാന്തുപോലെ വന്നെത്തുന്നത്. അതൊക്കെയാണ് ഈ പാട്ടുണ്ടാക്കാനുള്ള മൂലധനം’.  സുദീപ് കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരന്റെ മകനാണ്. 1991-ൽ സഹോദരി ദീപ പാലനാടിനൊപ്പം കഥകളിപദം പാടിയാണ്‌ സുദീപ്‌ അരങ്ങേറ്റം കുറിച്ചത്. വെള്ളിനേഴി സുബ്രഹ്മണ്യന്റെയും പുന്നപ്പുഴ രാമനാഥന്റെയും കീഴിലാണ് കർണാടിക്‌ സംഗീതം അഭ്യസിച്ചത്. അപ്പോത്തിക്കിരിയിലെ 'ഈറൻ കണ്ണിലോ' ആലപിച്ച്‌ മലയാള ചലച്ചിത്ര ഗാനരംഗത്തേയ്ക്ക് ചുവടുവച്ചു.  മികച്ച സൗണ്ട് എൻജിനിയർകൂടിയാണ് സുദീപ്. കൊച്ചിയിൽ സൈലൻസ് ആൻഡ് ക്രിയേറ്റീവ് എന്ന സ്റ്റുഡിയോയുമുണ്ട്. ഔസേപ്പച്ചനാണ് ഈ രംഗത്തെ ഗുരു. അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ഏറെ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമ്മ: സുധാ അന്തർജനം. ഭാര്യ: സിനി. മകൻ: ദേവസൂര്യ. Read on deshabhimani.com

Related News