തോട്ടിൽ വിഷം കലക്കി: വളർത്തുമത്സ്യങ്ങൾ ചത്തു



   എടക്കര  പോത്ത്കല്ല് കുനിപ്പാല തോട്ടിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി. തോട്ടിലെ മീനുകളും തോട്ടിലെ വെള്ളം ഉപയോഗിച്ച മത്സ്യകർഷകന്റെ വളർത്തുമീനുകളും ചത്തുപൊങ്ങി. മേലേ കുനിപ്പാല വനത്തിലൂടെ ഒഴുകിവരുന്ന തോട്ടിലാണ് ഞായറാഴ്ച രാവിലെ സാമൂഹ്യവിരുദ്ധർ വിഷം കലക്കിയത്. രാവിലെ എട്ടരയോടെയാണ് മീനുകൾ ചത്തുപൊങ്ങുന്നത് നാട്ടുകാർ കണ്ടത്. തോട്ടിലെ വെള്ളം ഉപയോഗിച്ച്‌ മീൻ വളർത്തുന്ന മത്സ്യകർഷകൻ  ചെറാതൊടിക മമ്മദിന്റെ മീനുകളും ചത്തു. തോട്ടിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് ടാങ്കിലടിച്ച്  അരമണിക്കൂറിനകം 200 മീനുകളും ചത്തുപൊങ്ങി. മത്സ്യകേരളം പദ്ധതിയിലെ പടുതാകുളത്തിലെ മീനുകളാണ് ചത്തത്. മത്സ്യങ്ങൾക്ക്‌  ഒന്നരമാസം വളർച്ചയെത്തിയിരുന്നു. ജനവാസ കേന്ദ്രത്തിലൂടെ ഒഴുകുന്ന തോട്ടിൽ വിഷം കലക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.  Read on deshabhimani.com

Related News