കാണാം, കണ്ണെത്താ ദൂരം

ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കഞ്ചേരിക്കും കലിക്കറ്റ്‌ സർവകലാശാലക്കും ഇടയിൽ ചെട്ടിയാർമാട്‌ ഭാഗത്ത്‌ പ്രവൃത്തി പുരോഗമിക്കുന്നു


 മലപ്പുറം കാക്കഞ്ചേരിയിൽനിന്നും നോക്കിയാൽ ഇടിമൂഴിക്കലും കടന്ന്‌‌ രാമനാട്ടുകര മേൽപ്പാലത്തിനും അപ്പുറം കാണുന്ന‌ കാഴ്‌ച. കിലോ മീറ്ററുകളോളം വളവും പുളവുമില്ലാത്ത നേർ റോഡ്‌. ദേശീയപാത 66 ആറുവരിയാകുബോൾ തൃശൂരിൽനിന്നും കോഴിക്കോട്‌ ഭാഗത്തേക്ക്‌ യാത്രയിൽ ഇതാകും പ്രധാന കാഴ്‌ച. കോഴിക്കോട്‌ ഭാഗത്തുനിന്നും വരുമ്പോൾ അപകടം പതിവായ കാക്കഞ്ചേരി ടൗൺ എത്തുന്നതിന്‌ തൊട്ടുമുമ്പുള്ള എസ്‌ വളവ്‌ അടക്കം നിവർത്തിയാണ്‌ ദേശീയപാത വീതികൂട്ടുന്നത്‌.  വളവുകളെല്ലാം ഒഴിവായി നീണ്ടുനിവർന്നുകിടക്കുന്നുവെന്നതാണ്‌ ദേശീയപാതാ വികസനത്തിന്റെ പ്രധാന പ്രത്യേകത. ദേശീയപാത ആറുവരി വികസനവുമായി ബന്ധപ്പെട്ട്‌ കോടതിയിൽ പോലും ഇടംപിടിച്ച ഇടമായിരുന്നു കോഴിക്കോട്‌–- മലപ്പുറം ജില്ലാ അതിർത്തിയായ ഇടിമൂഴിക്കൽ. വലിയ സമര പ്രക്ഷോഭങ്ങൾക്കെല്ലാം ഇടിമൂഴിക്കൽ സാക്ഷിയായി. ചേലേമ്പ്ര പഞ്ചായത്ത്‌ ഓഫീസിനുമുന്നിൽ വലിയ സമരങ്ങൾ നടന്നു. എന്നാൽ,  ജനങ്ങളെയാകെ വിശ്വാസത്തിലെടുത്ത്‌ എൽഡിഎഫ്‌ സർക്കാർ നടത്തിയ ഇടപെടലിൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെട്ടവർക്ക്‌ അർഹമായ നഷ്ടപരിഹാരം നൽകി.  വളവുകൾ നിവർത്തുന്നതിന്റെ ഭാഗമായി ഇടിമൂഴിക്കൽ, പുത്തനത്താണി, വെട്ടിച്ചിറ ചുങ്കം, കൊളപ്പുറം എന്നിവിടങ്ങളിൽ നിലവിലെ അങ്ങാടിയിൽനിന്ന്‌ അൽപ്പം മാറിയാണ്‌ പാത കടന്നുപോകുന്നത്‌. രാമനാട്ടുകര മേൽപ്പാലം കടന്ന്‌ മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്ന പാത ഇടിമൂഴിക്കൽ അങ്ങാടിക്കും ചേലേമ്പ്ര പഞ്ചായത്ത്‌ ഓഫീസിനും പിന്നിലൂടെയാണ്‌ കടന്നുപോകുന്നത്‌. നിലവിലുള്ള പാതയിൽ ചേലേമ്പ്ര പഞ്ചായത്ത്‌ ഓഫീസിന്‌ മുൻഭാഗത്ത്‌ ഗതാഗതക്കുരുക്ക്‌ പതിവാണ്‌. പാത ആറുവരിയാകുന്നതോടെ ഇവിടുത്തെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകും. ദേശീയപാത യഥാർഥ്യമാകുന്നതോടെ എൽഡിഎഫ്‌ സർക്കാരിന്റെ വികസന നേട്ടങ്ങളുടെ പൊൻതൂവലാകും. Read on deshabhimani.com

Related News