ആകാശദ്വീപുകളിലുണ്ട് വംശനാശഭീഷണി നേരിടുന്ന ഉര​ഗജീവികള്‍



നിലമ്പൂർ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട പശ്ചിമഘട്ട പർവതനിരകളിലെ ഉര​ഗ ജീവികളെക്കുറിച്ച് ജൈവ വൈവിധ്യ പഠനവുമായി ഗവേഷക സംഘം. പശ്ചിമഘട്ടത്തിൽനിന്ന് 1500 മീറ്റർ ഉയരത്തിലുള്ള ആകാശദ്വീപുകളിലെ ഉരഗജീവികളെക്കുറിച്ചുള്ള ​ഗവേഷണത്തിന്റെ  ആദ്യഘട്ട റിപ്പോർട്ട് പുറത്തിറക്കി. പാമ്പുകളും പല്ലികളും എന്ന പേരിൽ പുസ്തക രൂപത്തിലാണ്‌ റിപ്പോർട്ട്‌. തെക്കൻ പശ്ചിമഘട്ടത്തിലെ അഗസ്ത്യമല, ആനമല, നീല​ഗിരി, മേഘമല, ബ്രഹ്മ​ഗിരി, പെരിയാർ കടുവാസങ്കേതം എന്നിവിടങ്ങളിലായിരുന്നു പഠനം. 58 ഇനം ഉരഗജീവികളെ കണ്ടെത്തി. ഇതിൽ 30 ഇനം പാമ്പുകളും 28 ഇനം പല്ലികളുമാണ്‌. ഇവയിൽ ഭൂരിഭാഗവും  വംശനാശഭീഷണി പട്ടികയിൽ (ഐയുസിഎൻ റെഡ് ലിസ്റ്റ്) ഉൾപ്പെട്ടവയാണ്. ​ തമിഴ്‌നാട്‌ സ്വദേശിയായ  വി ദീപക്കിന്റെ നേതൃത്വത്തിൽ  സൂര്യ നാരായണൻ, സന്ദീപ് ദാസ്, കെ പി രാജ്കുമാർ, സൗനക് പാൽ, ജെയ്സൺ ഡി ജെറാർഡ്, ഡേവിഡ് ജെ ​ഗോവർ​ എന്നിവരാണ് ഗവേഷകർ.  ഉരഗജീവികളുടെ പ്രജനനം, ആവാസവ്യവസ്ഥ, ലിം​ഗവ്യത്യാസം, ഭക്ഷണരീതി, പുതിയ ഇനങ്ങൾ, വർ​ഗീകരണം, പരിസ്ഥിതി എന്നിവയടക്കമുള്ള കാര്യങ്ങളാണ് സംഘം നിരീക്ഷിക്കുന്നത്‌.  നാഷണൽ ജിയോ​ഗ്രാഫിക് സൊസൈറ്റിയുടെ ധനസഹായത്തോടെയാണ് പുസ്തകം പുറത്തിറക്കിയത്. നാഷണൽ ജിയോ​ഗ്രാഫിക് എക്സ്പ്ലോറർ പ്രൊജക്ടിന്റെ പിന്തുണയിലാണ്‌ പഠനം. ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ പല്ലികളുടെയും പാമ്പുകളുടെയും ചിത്രങ്ങൾ ഉൾപ്പെടുന്നതാണ്‌ പുസ്‌തകം.  സോഷ്യൽ മീഡിയ വഴി  വായിക്കാൻ കഴിയും. പുസ്തക പ്രകാശനം  19ന് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയൺമെന്റിൽ നടക്കും. Read on deshabhimani.com

Related News