പൊന്നാനിയിൽ വരുന്നു ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്

ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന കെട്ടിടം 
പി നന്ദകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തിൽ സന്ദർശിക്കുന്നു


  പൊന്നാനി  കടലിനെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനങ്ങൾക്ക്‌ വഴിയൊരുക്കി  പൊന്നാനിയിൽ ഹൈഡ്രോഗ്രാഫിക് ഇൻസ്‌റ്റിറ്റ്യൂട്ട് ഒരുങ്ങുന്നു. നിരവധി തൊഴിൽ സാധ്യതകൾ തുറക്കുന്നതാണ്‌  പഠനകേന്ദ്രം. പൊന്നാനി നഗരസഭയുടെ പഴയ കെട്ടിടത്തിലാണ് താൽക്കാലിക കേന്ദ്രം ഒരുങ്ങുക. പി നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ മറൈൻ ഉദ്യോഗസ്ഥർ കെട്ടിടം സന്ദർശിച്ചു. ഹാർബറിൽ  പഠനകേന്ദ്രത്തിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്‌. ഇവിടെ കെട്ടിടം നിർമിക്കുന്നതുവരെയാണ് താൽക്കാലിക കേന്ദ്രം പ്രവർത്തിക്കുക. തുറമുഖ വകുപ്പിന്‌ കീഴിൽ എറണാംകുളത്തുള്ള ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപകേന്ദ്രമാണ് പൊന്നാനിയിൽ ആരംഭിക്കുക.  കടലിന്റെ അടിത്തട്ടിൽ നടക്കുന്ന മാറ്റങ്ങൾ സമഗ്രമായി പരിശോധിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. കടലിന്റെ ആഴം, തിരയടിയുടെ ശക്തി, മണ്ണിന്റെ ഘടന, വേലിയേറ്റ - വേലിയിറക്ക സമയങ്ങളിൽ കടൽതീരത്തുണ്ടാകുന്ന മാറ്റങ്ങൾ,  കടലാക്രമണത്തിന്റെ തോത്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ചള ശാസ്‌ത്രീയമായ വിവരങ്ങൾ ലഭ്യമാകും. ഇതനുസരിച്ച്‌ പ്രതിരോധ മാർഗങ്ങൾ ആവിഷ്‌കരിക്കാം.  കടൽഭിത്തി നിർമാണം ഉൾപ്പെടെ കടലാക്രമണം ചെറുക്കുന്നതിനുള്ള പ്രായോഗിക  നിർദേശങ്ങൾ സർക്കാരിന് നൽകാനും  ഇൻസ്‌റ്റിറ്റ്യൂട്ടിന് സാധിക്കും.    രൂക്ഷമായ കടലാക്രമണ ബാധിത പ്രദേശമായ പൊന്നാനിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഏറെ ഗുണകരമാവുമെന്ന്‌ പി നന്ദകുമാർ  എംഎൽഎ പറഞ്ഞു.  കടലിനുപുറമെ പുഴ, കായൽ,  ഉൾനാടൻ ജലഗതാഗത പാതകൾ എന്നിവയുടെ ഹൈഡ്രോഗ്രാഫിക് പഠനവും സാധ്യമാകും.  വിദേശത്തും സ്വദേശത്തും തൊഴിൽ സാധ്യതയുള്ള ഹൈഡ്രോഗ്രാഫിക് മോഡേൺ സർവേ, ക്വാണ്ടിറ്റി സർവേ, ഡൈവിങ് എന്നീ മേഖലയിൽ പഠനകേന്ദ്രം സ്ഥാപിക്കാനും ഇത് വഴി കഴിയും.   ആറുമാസത്തെ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് തുറമുഖ വകുപ്പ്‌  സർവേകളിൽ നേരിട്ട് പരിശീലനം നേടാം. വൺ ജോബ് പരിശീലനവും നൽകും. സിപിഐ എം ഏരിയാ സെക്രട്ടറി അഡ്വ. പി കെ ഖലീമുദ്ദീൻ, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, മറൈൻ സർവേയർ സി ഒ വർഗീസ്, ബോട്ട് സർവേ സ്രാങ്ക് മധു എന്നിവരും സ്ഥലം സന്ദർശിച്ചു. Read on deshabhimani.com

Related News