മൂടാല്‍‐കഞ്ഞിപ്പുര ബൈപാസ്‌ തടസങ്ങള്‍ നീക്കും



 മലപ്പുറം തൃശൂർ– -കോഴിക്കോട്‌ ദേശീയപാതയിൽ മൂടാൽ - കഞ്ഞിപ്പുര ബൈപാസ്‌ വീതികൂട്ടൽ നിർമാണത്തിലെ തടസങ്ങൾ നീക്കുമെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. നിർമാണം ശേഷിക്കുന്ന മൂന്ന്‌ കിലോമീറ്ററിൽ വേഗത്തിൽ ടാറിങ്‌ പ്രവൃത്തി നടത്തും.  യൂട്ടിലിറ്റി ഷിഫ്റ്റിങിന്റെ കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തിയെന്നും  തിരുവനന്തപുരത്ത്‌ നടന്ന അവലോകന യോഗത്തിനുശേഷം മന്ത്രി അറിയിച്ചു.      2012ലാണ് ബൈപാസിന് ഭരണാനുമതി ലഭ്യമാകുന്നത്. സ്ഥലം ഏറ്റെടുത്ത് വളവുകളും കയറ്റങ്ങളും കുറച്ച് വീതികൂട്ടിയാണ് റോഡ് വിഭാവനംചെയ്തത്. ഭൂമിയേറ്റെടുക്കുന്നതിന് 10 കോടി രൂപയും പ്രവൃത്തിക്ക് 15 കോടി രൂപയും അനുവദിച്ചിരുന്നു. നഷ്ടപരിഹാരം ലഭ്യമാക്കാതെ പ്രവൃത്തി നടത്താൻ പറ്റില്ലെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടതോടെ    പ്രവൃത്തി ആരംഭിക്കാനായില്ല. തുടർന്ന് 2015ൽ  ലഭ്യമായ 1.85 കിലോമീറ്റർ റോഡിൽ പ്രവൃത്തി നടത്താൻ തീരുമാനിച്ചു. 2016 ജനുവരിയിൽ കരാറുകാരന്‌ സ്ഥലം കൈമാറി. മൂന്ന്‌ കൾവർട്ട്, സൈഡ് പ്രൊട്ടക്ഷൻ എന്നിവ പൂർത്തിയാക്കി 1.16 കോടി രൂപയുടെ പ്രവൃത്തി ചെയ്തു. കരാർ കാലാവധി കഴിഞ്ഞതോടെ ബാക്കി പ്രവൃത്തിക്ക് കരാറുകാരൻ അധിക തുക ആവശ്യപ്പെട്ടതോടെ കരാറുകാരനെ ഒഴിവാക്കി.   തുടർന്നുവന്ന എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ നേതൃത്വത്തിൽ യോഗംചേർന്ന് സ്ഥലമേറ്റെടുക്കൽ പ്രവൃത്തി വേഗത്തിലാക്കാൻ  തീരുമാനിച്ചു. 2016, 2018 വർഷങ്ങളിൽ സ്ഥലമേറ്റെടുക്കാനുള്ള മുഴുവൻ തുകയ്ക്കും ഭരണാനുമതി നൽകി.     2020–-ൽ 13.43 കോടി രൂപ വിനിയോഗിച്ച് മൂടാൽ കഞ്ഞിപ്പുര ബൈപാസിന്റെ  ബാക്കിയുള്ള  പ്രവൃത്തി ആരംഭിച്ചു. കലുങ്ക്, പ്രൊട്ടക്ഷൻ വാൾ, ഡ്രെയിനേജ് എന്നിവ ഉൾപ്പെടുത്തി ഏഴ്‌ മീറ്റർ വീതിയിൽ എട്ടുമാസംകൊണ്ട് റോഡ് പ്രവൃത്തി പൂർത്തീകരിക്കണമെന്നായിരുന്നു   കരാർ. എന്നാൽ ആകെയുള്ള ആറുകിലോമീറ്റർ റോഡിൽ ഇതുവരെ മൂന്നുകിലോമീറ്റർ റോഡിന്റെ പ്രവൃത്തിമാത്രമാണ് പൂർത്തീകരിച്ചത്. ബാക്കി മൂന്നുകിലോമീറ്ററിൽ കൾവർട്ട്, പ്രൊട്ടക്ഷൻ വാൾ തുടങ്ങിയ പ്രവൃത്തി പുരോഗമിക്കുന്നതേയുള്ളു.    പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയേറ്റെടുത്തശേഷം  ഈ റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട്‌ നിരവധി പരാതി മന്ത്രിക്ക്‌  ലഭിച്ചിരുന്നു. തുടർന്ന്  2021 സെപ്തംബർ 30ന് മന്ത്രി നേരിട്ട് ബൈപാസ് സന്ദർശിച്ചിരുന്നു.   ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌ ഫസീന അഹമ്മദ്‌കുട്ടി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News