"റാഹ' സൗഹൃദത്തിൻ 
സ്‌നേഹത്തണൽ



കൊണ്ടോട്ടി സഹപാഠിക്കൊരുക്കിയ സ്‌നേഹത്തണലിന്‌  ‘റാഹ’യെന്നാണ്‌ അവർ പേരിട്ടത്‌. സംതൃപ്‌തിയെന്നാണ്‌ ഇതിനർഥം. 35 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്‌ കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ 1988–--90 ബാച്ച്‌ വിദ്യാര്‍ഥികൾ ചേർന്ന്‌ സഹപാഠിക്ക്‌ വീട് നിർമിച്ചുനൽകിയത്‌. അടുത്തിടെ ഉണ്ടാക്കിയ വാട്‌സ്ആപ്‌ ഗ്രൂപ്പുവഴിയാണ് തങ്ങളുടെ കൂട്ടുകാരി 20 വർഷത്തോളമായി ഐക്കരപ്പടിയിലെ വാടകവീട്ടിലാണ്‌ കഴിയുന്നതെന്ന്‌ അറിഞ്ഞത്‌. 120 പേരുള്ള സഹപാഠി സംഘം ഇവരെ സഹായിക്കാൻ തീരുമാനിച്ചു. ഗ്രൂപ്പിലെ പി ഹക്കിം പുളിക്കൽ വലിയപറമ്പില്‍ 6.5 സെന്റ് സ്ഥലം സൗജന്യമായി നല്‍കി. ഹക്കീമിന്റെ ഉമ്മ കിണർ നിർമിക്കാനുള്ള പണവും നൽകി. 14 ലക്ഷം രൂപ ചെലവിലാണ്‌ വീട് നിർമിച്ചത്‌. എൻജിനിയർ കെ പി അഷ്റഫ് നിർമാണ ചുമതല ഏറ്റെടുത്തു. സഹപാഠികളായ അസ്‌ലം പള്ളത്തിലും ബീനയും ഫൈസൽ അരീക്കാട്ടും സലാം തറമ്മലും നിർമാണ പ്രവൃത്തിക്ക് മേൽനോട്ടം വഹിച്ചു. രോഗിയായ ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബം നിത്യജീവിതത്തിന് പ്രയാസപ്പെടുകയാണ്. അഹമ്മദ് വെള്ളുവമ്പ്രം, സലീന, സാക്കിറ, നസീമ എന്നിവരുടെ പ്രവർത്തനവും സൗഹൃദക്കൂടൊരുക്കാൻ വഴിതെളിച്ചു. ഞായറാഴ്‌ച രാവിലെ 10ന്‌  കൂട്ടുകാരിക്ക്‌ വീട്‌ കൈമാറും. Read on deshabhimani.com

Related News