തദ്ദേശ സ്ഥാപനങ്ങൾക്ക്‌ സംയുക്ത പദ്ധതി



മലപ്പുറം തെരുവുനായ്‌ക്കളുടെ വന്ധ്യംകരണത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ഇനി സംയുക്ത പദ്ധതി. ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും യോജിച്ച്‌ എബിസി (അനിമൽ ബർത്ത്‌ കൺട്രോൾ) പദ്ധതി നടപ്പാക്കാൻ കഴിഞ്ഞദിവസം ചേർന്ന തദ്ദേശഭരണ കോ –-ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനായി വിശദമായ മാർഗനിർദേശവും പുറപ്പെടുവിച്ചു. ജില്ലാ പഞ്ചായത്തിനാണ്‌  മുഖ്യനിർവഹണ ചുമതല. കോർപറേഷനുകൾ സ്വന്തം നിലക്ക്‌ പദ്ധതി നടപ്പാക്കും. പൊതുവിഭാഗം വികസന ഫണ്ട്, 15ാം ധനകാര്യ കമീഷൻ ബേസിക് ഗ്രാന്റ്, തനത് ഫണ്ട് വിഹിതം എന്നിവ പദ്ധതിക്കായി ഉപയോഗിക്കാം.  ജില്ലാ പഞ്ചായത്തിന് മറ്റ്‌ തദ്ദേശഭരണ സ്ഥാപനങ്ങൾ വിഹിതം കൈമാറണം.  ഡോഗ് റൂൾ, സ്‌റ്റാന്റേഡ്‌ ഓപറേഷൻ പ്രൊസീജ്യർ (എസ്‌ഒപി) എന്നിവ പാലിച്ചാകും എബിസി പദ്ധതി നടപ്പാക്കുക. ജില്ലാ പഞ്ചായത്തുകൾക്ക് നേരിട്ടോ അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരവും എബിസി ചെയ്യുന്നതിന് അനുമതിയുമുള്ള മൃഗക്ഷേമ സംഘടനകൾവഴിയോ പദ്ധതി നടപ്പാക്കാം. നേരിട്ട്‌ നടപ്പാക്കുമ്പോൾ  നായ്ക്കളുടെ എണ്ണമനുസരിച്ച് രണ്ട് ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ ഒരെണ്ണം എന്ന നിലയിൽ ഓപറേഷൻ തിയറ്റർ, നായ്ക്കളെ താമസിപ്പിക്കാനുള്ള ഷെൽട്ടർ, പോസ്‌റ്റ്‌ ആൻഡ്‌ പ്രീ ഓപറേഷൻ കെയർ യൂണിറ്റ്‌, സ്റ്റോർ, സിസിടിവി, എയർ കണ്ടീഷണർ, കിച്ചൺ എന്നിവ സജ്ജമാക്കണം. പത്ത്‌ നായകളുടെ ഓപറേഷന് 50 കൂടുകൾ എന്ന നിരക്കിലാണ് ഷെൽട്ടർ ഒരുക്കേണ്ടത്.  എല്ലാ കേന്ദ്രങ്ങളിലും വെറ്ററിനറി സർജൻ, നാല്‌  മൃഗപരിപാലകർ,  തിയറ്റർ സഹായി,   ശുചീകരണ - പ്രവർത്തകൻ, ഡോഗ് കാച്ചേഴ്സ് എന്നിവരടങ്ങുന്ന ബ്ലോക്ക്തല ടീം രൂപീകരിക്കണം. കോർപറേഷൻതലത്തിലും സമാനമായി ടീം രൂപീകരിക്കണം.  കൂനൂരിലെ വേൾഡ്‌ വെറ്ററിനറി സർവീസ്‌ സെന്ററിൽ ഡോഗ് കാച്ചേഴ്സിന്  പരിശീലനം നൽകണം. എബിസി കേന്ദ്രങ്ങളിൽ വെറ്ററിനറി ഡോക്ടറെയും സഹായികളെയും ആറുമാസത്തേക്ക് നിയമിക്കാം. ആവശ്യമെങ്കിൽ ആറുമാസംകൂടി കാലാവധി ദീർഘിപ്പിക്കാം. പഞ്ചായത്ത്– നഗരസഭാതലത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്നും മാർഗ നിർദേശത്തിലുണ്ട്‌.   Read on deshabhimani.com

Related News