ആയിരം കാതമകലെയാണെങ്കിലും...

സൗദി ബാലന് രക്തം നൽകി തിരിച്ചെത്തിയ അപൂർവ രക്ത ഗ്രൂപ്പ്, 
ബോംബെ ഒ പോസിറ്റീവ് ഉടമകളായ മുഹമ്മദ് ഫാറൂഖ്, ജലീന കറുകമണ്ണിൽ, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷരീഫ്


മലപ്പുറം സൗദിയിലെ ആ നാലുവയസുകാരൻ ജീവിതത്തിലേക്ക്‌ തിരിച്ചുവരുമ്പോൾ അവൻ അറിയാതിരിക്കില്ല; അവന്റെ ശരീരത്തിൽ ഒഴുകുന്ന രക്തം മലയാളിയുടേതുമാണെന്ന്‌. കടൽകടന്നുവന്ന നാലുപേരുടെ കാരുണ്യത്തിന്‌ അതിരുകളില്ലാത്ത മനസുമായി അവന്റെ രക്ഷിതാക്കൾ നന്ദി പറയുന്നു.    മലപ്പുറത്തെ ജലീന കറുകമണ്ണിൽ, പെരിന്തൽമണ്ണയിലെ മുഹമ്മദ് ഷരീഫ്, ഗുരുവായൂരിലെ മുഹമ്മദ് റഫീഖ്, തൃശൂരിലെ മുഹമ്മദ് ഫാറൂഖ് എന്നിവരാണ് ആ മലയാളികൾ.  കുട്ടിക്ക്‌ അപൂർവ രക്തമായ ബോംബെ ഒ പോസിറ്റീവ്‌ ആയിരുന്നു ആവശ്യം. അത്യാസന്നനിലയിലുള്ള മകന്റെ ജീവൻ രക്ഷിക്കാനുള്ള നെട്ടോട്ടത്തിൽ സൗദി കുടുംബം ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്‌റ്ററുമായി ബന്ധപ്പെട്ടു. അവരിൽനിന്നാണ്‌ ഈ നാലുപേരും വിവരം അറിയുന്നത്‌. സഞ്ചരിക്കാനുള്ള ദൂരം അവർക്ക്‌ പ്രയാസമായി തോന്നിയില്ല. ജൂലൈ 19നാണ് സൗദിയിലേക്ക് യാത്ര തിരിച്ചത്. സൗദിയിൽ എത്തി തൊട്ടടുത്ത ദിവസംതന്നെ നാലുപേരും പരിശോധനകൾക്കുശേഷം രക്തം നൽകി. ശേഷം പുണ്യഭൂമിയിൽ ഉംറ കർമവും നിർവഹിച്ചാണ് മടങ്ങിയത്.    തിങ്കളാഴ്ച വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ നാലുപേരെയും ബ്ലഡ് ഡോണേഴ്‌സ് കേരള ജില്ലാ, സംസ്ഥാന ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.  ബിഡികെ ബോംബെ ഗ്രൂപ്പ് കോ–-ഓർഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡന്റുമായ സി കെ സലിം വളാഞ്ചേരിയുടെയും ബിഡികെ സൗദി ചാപ്‌റ്ററിന്റെയും  ഇടപെടലുകളാണ് ഇവരുടെ യാത്രക്ക്‌ കാരണമായത്‌. ശസ്ത്രക്രിയക്കുശേഷം സൗദി ബാലൻ സുഖംപ്രാപിച്ചുവരികയാണ്. പിന്നിട്ട ദൂരമല്ല പ്രധാനമെന്നും മുന്നോട്ടുള്ള ദൂരമാണെന്നും ഇനിയും ജീവന്റെ തുടിപ്പുകൾക്ക് തങ്ങളുടെ കാലുകൾ ചലിക്കുമെന്നും നാലുപേരും ദേശാഭിമാനിയോട് പറഞ്ഞു.   Read on deshabhimani.com

Related News