ഇരുതലമൂരിയുമായി 7 പേർ പിടിയിൽ



പെരിന്തൽമണ്ണ കോടികള്‍ വിലപറഞ്ഞുറപ്പിച്ച്   "ഇരുതലമൂരി'യുമായി തട്ടിപ്പ്  നടത്തുന്ന സംഘം പൊലീസിന്റെ പിടിയില്‍. നാലുകിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി പിടിയിലായത്  ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍. പറവൂര്‍ വടക്കുംപുറം സ്വദേശി കള്ളംപറമ്പില്‍ പ്രഷോബ് (36), തിരുപ്പൂര്‍ സ്വദേശികളായ രാമു (42), ഈശ്വരന്‍ (52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍ (40), പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ് (44), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പനക്കുന്നില്‍ ഹംസ (53), കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് (50) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്ഐ ഷിജോ സി തങ്കച്ചനും സംഘവും കസ്റ്റഡിയിലെടുത്തത്. പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്. ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശംവച്ച്  കോടികളുടെ തട്ടിപ്പ് നടത്തുന്ന  സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന്‌ വിവരം ലഭിച്ചിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ സംഘം ആറുകോടി രൂപവരെ വിലപറഞ്ഞ്  കച്ചവടത്തിന് ശ്രമം നടത്തുന്നതായി സൂചന ലഭിച്ചു. മാനത്തുമംഗലം ജങ്‌ഷനുസമീപം ബാഗിനുള്ളില്‍  ഒളിപ്പിച്ചനിലയില്‍ നാലുകിലോയോളം തൂക്കമുള്ള  ഇരുതലമൂരി പാമ്പുമായി  ഏഴംഗസംഘത്തെ പിടികൂടിയത്.  പ്രഷോബ്, നിസാമുദ്ദീന്‍ എന്നിവരാണ് തമിഴ്നാട്ടിലെ രാമു, ഈശ്വരന്‍ എന്നിവര്‍ മുഖേന നാലര ലക്ഷം രൂപ വില കൊടുത്ത് ആന്ധ്രയില്‍നിന്ന്  ഇരുതലമൂരി പാമ്പിനെ കേരളത്തിലേക്കുകൊണ്ടുവന്നത്. പ്രതികളെയും പാമ്പിനെയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട്  വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.  സംഘത്തിലെ മറ്റു ഇടനിലക്കാരെ  കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ് പി എം സന്തോഷ് കുമാര്‍, ഇന്‍സ്പെക്ടര്‍  പ്രേംജിത്ത് എന്നിവര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എസ്ഐ ഷിജോ സി തങ്കച്ചനുപുറമേ എസ്ഐ അബ്ദുള്‍സലാം, എസ്‌സിപിഒ ബാലചന്ദ്രന്‍, എം കെ മിഥുന്‍, സുരേഷ്, ഉല്ലാസ്, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡ്  എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com

Related News