മണ്ണിലൊരുങ്ങി 
ശിൽപ്പങ്ങൾ

ബഡ്‌സ്‌ സ്‌കൂൾ പ്രവർത്തകർക്കായി കുടുംബശ്രീ സംഘടിപ്പിച്ച പരിശീലനത്തിൽ കളിമൺ ശിൽപ്പമുണ്ടാക്കുന്ന വിദ്യാർഥി ഇജാസ്‌


മലപ്പുറം കുഴച്ചെടുത്ത കളിമണ്ണ്‌ ഇഷ്ടരൂപങ്ങളായി മാറി. ആനയും പൂമ്പാറ്റയും മാലയും ക്ലോക്കുംമുതൽ മൊബൈൽ സ്‌റ്റാൻഡുമെല്ലാം അഴകിലൊരുങ്ങി. മണ്ണിനെ മനോഹരമാക്കുന്ന വിദ്യ പഠിപ്പിക്കാൻ ബാക് ടു എർത്തിലെ ഷെരീഫ് നിലമ്പൂർ എത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ്‌ ബഡ്‌സ്‌ സ്‌കൂൾ അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി രണ്ടുദിവസത്തെ പരിശീലനം സംഘടിപ്പിച്ചത്‌. ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്ക്‌ ക്രാഫ്റ്റ് നിർമാണത്തിലൂടെ വരുമാനം കണ്ടെത്താൻ അവസരമൊരുക്കുകയാണ്‌ ലക്ഷ്യം. രണ്ടാം ബാച്ചിനുള്ള പരിശീലനമാണ്‌ നടന്നത്‌. 36 പേർ പങ്കെടുത്തു. ടെറാക്കോട്ട, മണ്ണ് എന്നിവകൊണ്ടുള്ള ക്രാഫ്റ്റ് വർക്കുകളാണ്‌ പരിചയപ്പെടുത്തിയത്‌. ആദ്യ ബാച്ചിന്‌ പാളകൊണ്ടും മറ്റ് പ്രകൃതിസൗഹൃദ സാമഗ്രികൾ കൊണ്ടുമുള്ള ഉൽപ്പന്ന നിർമാണത്തിൽ പരിശീലനം നൽകിയിരുന്നു. കുടുംബശ്രീ ജില്ലാ കോ–- -ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത്  ഉദ്ഘാടനംചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ കെ എസ് ഹസ്‌കർ, അധ്യാപകരായ സി റഫീഖ്, ഇ സജി എന്നിവർ സംസാരിച്ചു.  ജില്ലയിലെ 61 ബഡ്‌സ്‌ സ്‌കൂളുകളിലായി 2389 വിദ്യാർഥികളുണ്ട്‌. മുതിർന്ന വിദ്യാർഥികളും രക്ഷിതാക്കളുമടങ്ങുന്ന സ്വയംതൊഴിൽ യൂണിറ്റും ഇവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ പ്രത്യേക ഉപജീവന പദ്ധതി പ്രകാരം നൽകിയ ധനസഹായത്തിലാണ് പ്രവർത്തനം. വിദ്യാർഥികൾ നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനത്തിനും സംവിധാനമൊരുക്കും. Read on deshabhimani.com

Related News