അക്യുപങ്‌ചർ 
ചികിത്സയിലൂടെ പ്രസവം: നവജാതശിശു മരിച്ചു



തിരൂർ അക്യുപങ്‌ചർ ചികിത്സയിലൂടെ കുഞ്ഞ്‌ ജനിച്ചതായി അവകാശപ്പെട്ട്‌ ദമ്പതികൾ പോസ്റ്റിട്ടതിന്‌ പിറകെ നവജാതശിശു മരിച്ചു. തലക്കാട് വെങ്ങാലൂരിലെ അക്യുപങ്ചർ ചികിത്സകരായ കോടേരിവളപ്പിൽ മുഹമ്മദ് താഹയുടെയും തഹ്സീനയുടെയും നാലാമത്തെ മകനാണ് ജനിച്ച്‌  നാലാംദിവസം മരിച്ചത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന്‌ തലക്കാട്‌ പിഎച്ച്‌സിയിലെ മെഡിക്കൽ ഓഫീസർ പ്രസന്നകുമാർ പൊലീസിൽ മൊഴി നൽകി. തഹ്സീനയുടെ നേരത്തെയുള്ള മൂന്ന്‌  പ്രസവവും സിസേറിയനായിരുന്നു. നാലാമതും ഗർഭിണിയായപ്പോൾ പിഎച്ച്‌സി അധികൃതർ കുടുംബത്തെ സമീപിച്ചെങ്കിലും പ്രസവം ആശുപത്രിയിൽ നടത്താൻ അവർ സമ്മതിച്ചില്ല. ശിശുരോഗ വിദഗ്ധരും കുടുംബവുമായി സംസാരിച്ചിരുന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ വീട്ടില്‍ പ്രസവം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ആഗസ്‌ത്‌ അഞ്ചിനാണ്‌ യുവതി വീട്ടിൽ പ്രസവിച്ചത്‌. അലോപ്പതിയിൽ വിശ്വാസമില്ലാത്ത മുഹമ്മദ് താഹ അക്യുപങ്‌ചർ ചികിത്സയിലൂടെ ഭാര്യ പ്രസവിച്ചതായി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തിങ്കളാഴ്‌ച പുലർച്ചെ കുഞ്ഞ്‌ മരിച്ചു. കാരത്തൂരിലെ ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. രാവിലെ പത്തോടെ ഖബറടക്കി. മുലപ്പാല്‍ ശ്വാസകോശത്തിൽ  കയറിയതാണ് മരണകാരണമെന്ന് സ്വകാര്യ ആശുപത്രി ഡോക്ടര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്‌. മെഡിക്കൽ ഓഫീസറുടെ പരാതിയിൽ എസ്ഐ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. Read on deshabhimani.com

Related News