രക്ഷയില്ല മീനേ, ജലനേത്ര വരുന്നു



പൊന്നാനി കടലിൽ മീൻ തേടി ഇനി മത്സ്യത്തൊഴിലാളികൾക്ക്‌ അലയേണ്ട. എവിടെ മീൻ കിട്ടുമെന്ന്‌ സോഫ്‌റ്റ്‌വെയർ  കൃത്യമായി പറഞ്ഞുതരും. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് തയ്യാറാക്കുന്ന ജലനേത്ര സോഫ്‌റ്റ്‌വെയറാണ്‌ മത്സ്യത്തൊഴിലാളികൾക്ക്‌  പുത്തൻ സൗകര്യങ്ങൾ ഒരുക്കുന്നത്‌. സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളുടെയും ഡിജിറ്റൽ ഭൂപടം ഉൾപ്പെടുന്നതാണ്‌ ജലനേത്ര. 590 കിലോമീറ്റർ തീരം, 12 നോട്ടിക്കൽ മൈൽവരെയുള്ള ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറു അരുവികൾ, കുളങ്ങൾ എന്നിവയുടെ സമ്പൂർണ വിവരങ്ങൾ ഉൾപ്പെടെ ഇതിലുണ്ടാകും. രാജ്യത്ത് ആദ്യമായാണ് ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്നത്. 21ന്‌ സോഫ്‌റ്റ്‌വെയർ ലോഞ്ച്‌ ചെയ്യും.   അടിത്തട്ടിന്റെ ഘടന, സസ്യ ജന്തുജാലങ്ങൾ, മണ്ണിന്റെ ഘടന, ആഴം, അടിയൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, തീരത്തിന്റെ മാറ്റങ്ങൾ, അപകടമേഖല, തിരയുടെ ശക്തി, തരംഗദൈർഘ്യം, മലിനീകരണം, തീരശോഷണം എന്നിവ സംബന്ധിച്ച വിവരങ്ങളും റിസർവോയറുകളിലും അണക്കെട്ടുകളിലുമുണ്ടാകുന്ന മണ്ണടിയൽ, നാവിഗേഷന് ആവശ്യമായ സുരക്ഷാ പാതകൾ എന്നിവയും ജലനേത്രയിലൂടെ മനസ്സിലാക്കാം. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിക്ക് വേഗംകൂട്ടിയത്. മത്സ്യത്തൊഴിലാളികളുടെ യാനങ്ങളുടെയും ബോട്ടുകളുടെയും ദിശ കൃത്യമായി അടയാളപ്പെടുത്താനും അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനും സാധിക്കും. ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെയാണ്‌ ജലനേത്ര ഒരുക്കിയത്‌. Read on deshabhimani.com

Related News