മലപ്പുറം ജില്ലാ ബാങ്കിൽ
പിൻവാതിൽ നിയമനം



    മലപ്പുറം  മലപ്പുറം ജില്ലാ ബാങ്കിൽ പിഎസ്‌സിയെയും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം തകൃതി. പ്യൂൺ തസ്‌തികയിലേക്ക്‌ താൽക്കാലിക നിയമനത്തിനായി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽനിന്ന്‌ നൽകിയ ലിസ്‌റ്റ്‌ നിലവിലുണ്ട്‌. അത്‌ മറികടന്ന്‌ ദിവസക്കൂലിക്കാരെ നിയമിക്കുന്നുവെന്നാണ്‌ ആക്ഷേപം.  ജില്ലാ ബാങ്കിൽ അഡ്‌മിനിസ്‌ട്രേറ്റർ ഭരണത്തിലിരിക്കെ മൂന്നുതവണ പ്യൂൺ, ടൈപ്പിസ്‌റ്റ്‌ തസ്‌തികയിലേക്ക്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽനിന്ന്‌ നൽകിയ പട്ടികയനുസരിച്ച്‌ നിയമനം നടത്തിയിരുന്നു. 20 പ്യൂൺ തസ്‌തികയിലേക്ക്‌ പട്ടിക ആവശ്യപ്പെട്ട്‌ 2020 ഏപ്രിൽ 29ന്‌ ജില്ലാ ബാങ്ക്‌ ജനറൽ മാനേജർ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർക്ക്‌ കത്ത്‌ നൽകിയിരുന്നു. 11,140 രൂപയായിരുന്നു അടിസ്ഥാന ശമ്പളം. വിവിധ എക്‌സ്ചേഞ്ചുകളിൽനിന്ന്‌ ലഭിച്ചത്‌ ചേർത്ത്‌ മുന്നൂറോളം പേരുടെ പട്ടിക ജൂലൈ എട്ടിന്‌ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസർ ബാങ്കിന്‌ കൈമാറി.  കോവിഡ്‌ വ്യാപിച്ചതിനാൽ, ആ പേരു പറഞ്ഞ്‌  പട്ടികയിലുള്ളവരെ അഭിമുഖത്തിന്‌ വിളിച്ചില്ല. രണ്ടുവർഷം കഴിഞ്ഞിട്ടും നിയമിച്ചതായ അറിയിപ്പ്‌ ലഭിക്കാത്തതിനാൽ ഈവർഷം ജനുവരി 23ന്‌ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസിൽനിന്ന്‌ ജില്ലാ ബാങ്കിലേക്ക്‌ കത്തയച്ചു. അതിനും മറുപടി ലഭിച്ചില്ലെന്നാണ്‌ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസിൽനിന്ന്‌ അറിയാനായത്‌. അറിയിപ്പ്‌ ലഭിച്ചാലേ അവരെ ഒഴിവാക്കി മറ്റുള്ളവരെ പുതിയ താൽക്കാലിക തസ്‌തികകളിലേക്ക്‌ പരിഗണിക്കാനാകൂ. പട്ടികയെ ബാങ്ക്‌ അധികൃതർ അവഗണിച്ചതിനാൽ ഇതിലുൾപ്പെട്ടവരെ മറ്റൊരു തസ്‌തികയിലേക്കും എംപ്ലോയ്‌മെന്റ്‌ പരിഗണിച്ചുമില്ല. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ പേര്‌ രജിസ്‌റ്റർചെയ്‌ത്‌ വർഷങ്ങളായി കാത്തിരിക്കുന്ന വിധവകളും വികലാംഗരും ഉൾപ്പെടെയുള്ള സാധാരണക്കാരാണ്‌ ഈ പട്ടികയിലുള്ളത്‌.  ജില്ലയിലെ 54 ബ്രാഞ്ചുകളിലും ഹെഡ്‌ ഓഫീസിലുമായി നിരവധി ദിവസക്കൂലിക്കാർ ഇക്കാലയളവിൽ ജോലിക്കുകയറിയതായാണ്‌ വിവരം. ഇവർക്ക്‌ 650 മുതൽ 725 രൂപവരെയാണ്‌ ദിവസക്കൂലി. ബാങ്ക്‌ അക്കൗണ്ടുകൾ കൈാര്യംചെയ്യാൻ ഇവർക്ക്‌ ഐഡിയും പാസ്‌ വേഡും നൽകുന്നതായി ജീവനക്കാർതന്നെ പറയുന്നു.  ജില്ലാ ബാങ്കുകളിലെ പാർട്‌ ടൈം സ്വീപ്പർ ഒഴികെയുള്ള തസ്‌തികകൾ പിഎസ്‌സിക്ക്‌ വിട്ടതാണ്‌. ഒഴിവുകൾ യഥാസമയം പിഎസ്‌സിക്ക്‌ റിപ്പോർട്ടു ചെയ്യണം. പിഎസ്‌സി പരീക്ഷ നടത്തി പട്ടിക തയ്യാറാക്കി നിയമനം പൂർത്തിയാക്കുന്നതുവരെയാണ്‌ എംപ്ലോയ്‌മെന്റ്‌ എക്‌ചേഞ്ച്‌ വഴിയുള്ള നിയമനം. അത്‌ കൃത്യമല്ലാത്തതിനാൽ ഉദ്യോഗാർഥികൾക്കുള്ള അവസരമാണ്‌ ഇല്ലാതാകുന്നത്‌. Read on deshabhimani.com

Related News