തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രക്ഷോഭ ജാഥക്ക്‌ തുടക്കം

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ മധ്യമേഖല ജാഥ ഊരകത്ത്‌ ക്യാപ്റ്റൻ വി പി അയ്യപ്പന് പതാക നൽകി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം  തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയുള്ള  തൊഴിലാളികളുടെ പ്രക്ഷോഭ ജാഥക്ക്‌ തുടക്കം. എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ 12ന്‌ നടത്തുന്ന രാജ്‌ഭവൻ മാർച്ചിന്റെയും മലപ്പുറം ദൂരദർശൻ ഓഫീസ്‌ മാർച്ചിന്റെയും പ്രചാരണാർഥമാണ്‌ ജാഥകളുടെ പര്യടനം. മലയോരം, തീരദേശം, മധ്യമേഖല എന്നിങ്ങനെ മൂന്നു മേഖലാതലത്തിലാണ്‌ ജാഥകൾ. മൂന്നു ജാഥകളും തിങ്കളാഴ്‌ച സമാപിക്കും.  ജില്ലാ പ്രസിഡന്റ്‌ ഇ കെ ആയിഷ നേതൃത്വം നൽകുന്ന മലയോര ജാഥ വഴിക്കടവിൽ സിപിഐ എം ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ആദ്യദിവസം എടക്കര, പോത്തുകല്ല്‌, ചുങ്കത്തറ, മൂത്തേടം, ചാലിയാർ, കരുളായി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അമരമ്പലത്ത്‌ സമാപിച്ചു. ശനിയാഴ്‌ച ചോക്കാട്‌, കാളികാവ്‌, തുവ്വൂർ, കരുവാരക്കുണ്ട്‌, എടപ്പറ്റ, കീഴാറ്റൂർ, പാണ്ടിക്കാട്‌, പോരൂർ എന്നിവിടങ്ങളിലാണ്‌ സ്വീകരണം.  സംസ്ഥാന കമ്മിറ്റി അംഗം എം പി അബ്ദുൽ അലി നയിക്കുന്ന തീരദേശ ജാഥ പൂക്കോട്ടൂരിൽ കർഷകസംഘം ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത്‌ ഉദ്‌ഘാടനംചെയ്‌തു. മൊറയൂർ, പള്ളിക്കൽ, ചേലേമ്പ്ര, ചെറുകാവ്‌, പുളിക്കൽ, വാഴക്കാട്‌ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം കാരാട്‌ സമാപിച്ചു. ശനിയാഴ്‌ച വള്ളിക്കുന്ന്‌, തേഞ്ഞിപ്പലം, മൂന്നിയൂർ, എ ആർ നഗർ, കണ്ണമംഗലം, വേങ്ങര, പറപ്പുര്‍, എടരിക്കോട്‌ എന്നിവിടങ്ങളിലാണ്‌ സ്വീകരണം.   ജില്ലാ വൈസ് പ്രസിഡന്റ്‌ വി പി അയ്യപ്പൻ നയിക്കുന്ന മധ്യമേഖലാ ജാഥ ഊരകത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്‌ഘാടനംചെയ്‌തു. ഒതുക്കുങ്ങൽ, പൊന്മള, കോഡൂർ, ആനക്കയം, കൂട്ടിലങ്ങാടി, കുറുവ, പുഴക്കാട്ടിരി എന്നിവിടങ്ങളിലായിരുന്നു ആദ്യദിവസത്തെ സ്വീകരണം. ശനിയാഴ്‌ച മക്കരപ്പറമ്പ്‌, മങ്കട, അങ്ങാടിപ്പുറം, ഏലംകുളം, ആലിപ്പറമ്പ്‌, താഴെക്കോട്‌, വെട്ടത്തൂർ, മേലാറ്റൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.  Read on deshabhimani.com

Related News