രക്ഷകരേ, ഇത്‌ ഞങ്ങളുടെ 
സ്‌നേഹോപഹാരം

കരിപ്പൂർ വിമാനദുരന്ത വാർഷികദിനത്തിൽ പരിക്കേറ്റവരും മരണമടഞ്ഞവരുടെ ബന്ധുക്കളും രക്ഷാപ്രവർത്തകരും ഒത്തുചേർന്നപ്പോൾ


കരിപ്പൂർ  മറക്കാൻ ശ്രമിക്കുന്നതാണ്‌ ആ കറുത്ത ദിനമെങ്കിലും അവർക്ക്‌ ഒത്തുകൂടാതിരിക്കാനാവില്ലായിരുന്നു. അപകടത്തിൽ പരിക്കേറ്റ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നവരും ഉറ്റവരെ നഷ്ടപ്പെട്ടവരുമാണ്‌ കരിപ്പൂർ വിമാനദുരന്തത്തിന്റെ വാർഷികത്തിൽ  സംഗമിച്ചത്‌. പലരും വീൽചെയറുകളിലാണ് എത്തിയത്. ഇത്തവണ അതിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു. അന്ന്‌ രക്ഷകരായി അവതരിച്ച നാട്ടുകാർക്ക്‌ സർക്കാർ ആശുപത്രിയിൽ കെട്ടിടം നിർമിച്ചുനൽകുക. കൊണ്ടോട്ടി എന്ന നാടിനോടും നാട്ടുകാരോടും അത്രക്ക്‌ സ്‌നേഹവും ആദരവുമാണ്‌ അവർക്ക്‌. മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്കും പരിക്കുപറ്റിയവർക്കും ലഭിച്ച നഷ്ടപരിഹാരത്തിൽനിന്നാണ്‌ എൻഎച്ച് പട്ടികജാതി കോളനി നിവാസികളുടെ ആശാകേന്ദ്രമായ ആശുപത്രിക്ക് കെട്ടിടം നിർമിക്കാനുള്ള തുക കണ്ടെത്തിയത്‌. വിമാനം അപകടത്തിൽപെട്ട സ്ഥലത്തുനിന്ന്‌ മുന്നൂറ്‌ മീറ്ററോളം അകലെയാണ്‌ ചിറയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം. ഈ ആശുപത്രിക്കാണ്‌ വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കുക. മലബാർ ഡെവലപ്‌മെന്റ്‌ ഫോറം നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എംഡിഎഫ് ചാരിറ്റി ഫൗണ്ടേഷനാണ് നിർമാണത്തിന്‌ നേതൃത്വംനൽകുക. പദ്ധതിയുടെ ധാരണപത്രം ടി വി ഇബ്രാഹിം എംഎൽഎയിൽനിന്ന്‌ നഗരസഭാധ്യക്ഷ ടി സി ഫാത്തിമത്ത് സുഹറാബി, മെഡിക്കൽ ഓഫീസർ സുന്ദർ കല്ലട എന്നിവർ ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി അധ്യക്ഷനായി. പി അബ്ദുൾ ഹമീദ് എംഎൽഎ, എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസൻ, സുരേഷ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ മുഹമ്മദലി ചെമ്പൻ, ഷെറീന ഹസീബ്, അഷറഫ് മടാൻ, അബീന അൻവർ, പി കെ കബീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News