കരിപ്പൂർ വിമാന ദുരന്തത്തിന്‌ ഇന്ന്‌ 2 വയസ്‌; മനസിൽ ഇപ്പോഴും വിങ്ങൽ

കരിപ്പൂർ വിമാന ദുരന്തത്തിന്റെ രക്ഷാപ്രവർത്തകൻ കോഴിശേരി അബ്ദുൾലത്തീഫ്


കരിപ്പൂർ ആ നടുക്കത്തിൽനിന്ന്‌ കൂട്ടാലുങ്ങൽ സ്വദേശി കോഴിശേരി അബ്ദുൾലത്തീഫ്  മുക്തനായിട്ടില്ല. കരിപ്പൂർ വിമാനദുരന്തത്തെപ്പറ്റി പറയുമ്പോൾ കണ്ണുകളിൽ നനവ്‌. രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായിട്ടും നാട്ടുകാർ കൈമെയ്‌ മറന്ന്‌ മുന്നിട്ടിറങ്ങി. പത്ത് വർഷത്തോളം വിമാനത്താവളത്തിൽ ജോലിചെയ്ത ലത്തീഫിനുള്ളിൽ 2020 ആഗസ്‌ത്‌ ഏഴിന്റെ രാത്രി മായാതെയുണ്ട്‌.    ‘‘നല്ലമഴയുള്ള ദിവസമായിരുന്നു. എണ്ണക്കമ്പനിയിലെ ജോലികഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു. രാത്രി ഏഴര കഴിഞ്ഞപ്പോഴാണ്‌ ഘോരശബ്ദം കേട്ടത്. ആദ്യം എന്താണെന്ന് മനസിലായില്ല. കരിപ്പൂരിൽ വിമാനം അപകടത്തിൽപ്പെട്ടെന്ന് സുഹൃത്ത് ഷബിർ വിളിച്ച് പറഞ്ഞതോടെ അങ്ങാേട്ട്‌ ഓടി. റൺവേയുടെ താഴെ മണ്ണിൽ വീണ് കിടക്കുന്ന വിമാനം. രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്നു. പരിക്കേറ്റവരെ കോരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അതിനിടെ ആശുപത്രിയിൽ ചെന്ന് രക്തം നൽകാൻ ചിലരെ ചുമതലപ്പെടുത്തി’’–- ഓർക്കുമ്പോൾ വിങ്ങുകയാണ്‌ മനസ്.  ‘‘പിഞ്ചുകുട്ടികളടക്കം വിമാനത്തിനകത്ത് കുടുങ്ങിക്കിടന്ന കാഴ്ച അതിദയനീയമായിരുന്നു. ഒറ്റപ്പെട്ടുപോയ ഒരു കുട്ടിയെ ബന്ധുക്കളെ തേടി ഏൽപ്പിച്ചു. ആ ദമ്പതികൾ കുട്ടിയെ ചേർത്ത് പിടിച്ച് ആർത്ത് കരഞ്ഞത് ഇന്നും മനസിലുണ്ട്‌.    വൈമാനികർ ഇരിക്കുന്ന കോക്ക്പിറ്റ് ഭാഗം വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ച് തകർന്നു. വിമാനത്തിനുള്ളിൽനിന്ന്‌ യാത്രക്കാരെ പുറത്തേക്കിറക്കി റൺവേയുടെ താഴെയുള്ള അരികിലേക്ക് ചേർത്ത് കിടത്തി. അപകടത്തിൽപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിനുള്ളിൽനിന്ന്‌ വലിയ ശബ്ദമുണ്ടായി. എന്നിട്ടും രക്ഷാപ്രവർത്തകർ പിന്തിരിഞ്ഞില്ല’’–- ലത്തീഫ്‌ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ എയർഇന്ത്യ എക്‌സ്‌പ്രസിന്റെ ദുബായ് വിമാനമാണ്‌ അപകടത്തിൽപ്പെട്ടത്‌. 19 പേർ മരിച്ചു. 184 യാത്രക്കാരാണുണ്ടായിരുന്നത്‌. 169 പേർക്ക്‌ പരിക്കേറ്റു. Read on deshabhimani.com

Related News