ഫ്രഷാകാം; വിശ്രമകേന്ദ്രം ഒരുങ്ങും

പൊന്നാനി പന്തേപാലത്ത് അടിപ്പാത നിർമാണം ആരംഭിച്ചപ്പോൾ


  പൊന്നാനി ദേശീയപാതയിൽ വാഹനമോടിച്ച്‌ മടുക്കുമ്പോൾ ഒന്നു വിശ്രമിക്കണമെന്ന്‌ തോന്നിയാൽ ഇനി ഹോട്ടൽമുറി തേടേണ്ടതില്ല. ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതോടെ ഓരോ റീച്ചിലും വിശ്രമകേന്ദ്രം ഒരുങ്ങും. ജില്ലയിൽ രണ്ട് റീച്ചാണ് ഉള്ളത്‌. കോട്ടക്കൽ കോഴിച്ചെനയിലും വട്ടപ്പാറയിലുമാണ് വിശ്രമകേന്ദ്രം നിർമിക്കുക.   ദേശീയപാത റീജണൽ ഓഫീസർ ബി എൽ മീണ, പ്രൊജക്ട് ഡയറക്ടർ കെ ബാലചന്ദ്രൻ, ടെക്നിക്കൽ മാനേജർ ഷാഹു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.  ദീർഘദൂര യാത്രക്കാർക്ക്‌ ഏറെ ഗുണകരമാകുന്ന രീതിയിലാണ് വഴിയോര വിശ്രമകേന്ദ്രം നിർമിക്കുക. പാർക്കിങ്‌ സൗകര്യം, വിശ്രമിക്കാനുള്ള സംവിധാനം, കിയോസ്ക്, ശുചിമുറി എന്നിവയുണ്ടാകും. ഒരു കേന്ദ്രം പൊന്നാനി താലൂക്കിലെ തവനൂരിൽ ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും  ഇതിനായി വീണ്ടും സ്ഥലം ഏറ്റെടുക്കാനുള്ള പ്രായോഗികമായ ബുദ്ധിമുട്ട്‌ തടസമായി. വട്ടപ്പാറയിൽ സർക്കാർ സ്ഥലമായതിനാൽ ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. തോരാമഴയിലും അതിവേഗം   കുറച്ചുദിവസമായി തുടരുന്ന കനത്തമഴ ദേശീയപാതാ നിർമാണത്തെ തടസപ്പെടുത്തുന്നില്ല. മഴ ശക്തമല്ലാത്ത ഭാഗങ്ങളിലാണ്‌ നിർമാണം. ചമ്രവട്ടം ജങ്‌ഷൻമുതൽ കുറ്റിപ്പുറംവരെയുള്ള ഭാഗങ്ങളിൽ നിർമാണം അതിവേഗത്തിലാണ്. തവനൂർ ഭാഗത്ത് നിലവിലെ പാത പൊളിച്ചുനീക്കി പുതിയ ടാറിങ്ങിലേക്ക്‌ കടന്നു. പുതുതായി നിർമിച്ച ഭാഗങ്ങളിലൂടെയാണ് വാഹനങ്ങളെ കടത്തിവിടുന്നത്.   അടിപ്പാത നിർമാണം 
തുടങ്ങി റോഡ് ക്രോസ് ചെയ്യുന്ന ഭാഗങ്ങളിലെ അടിപ്പാതകളുടെയും മേൽപാതകളുടെയും നിർമാണത്തിനും തുടക്കമായി. പന്തേപാലത്തെ ക്രോസിങ്ങിനോടുചേർന്ന ഭാഗത്തെ അടിപ്പാതയുടെ നിർമാണമാണ് ആദ്യം തുടങ്ങിയത്. ചമ്രവട്ടം ജങ്‌ഷനിൽ ആറുവരിയിൽ മേൽപ്പാലം നിർമിക്കും. വെളിയങ്കോട്, പെരുമ്പടപ്പ് മേഖലകളിൽ കെട്ടിടം പൊളിച്ചുമാറ്റൽ പുരോഗമിക്കുകയാണ്. പൊന്നാനി താലൂക്കിൽ ഏറ്റെടുത്ത വയൽ പ്രദേശത്തെ നീർച്ചാലുകൾ നികത്തപ്പെടുമ്പോൾ ഉണ്ടാവുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കാനുള്ള പ്രവർത്തനവും പുരോഗമിക്കുന്നു.   Read on deshabhimani.com

Related News