പ്രതിഷേധവുമായി ആര്യാടൻപക്ഷം



മലപ്പുറം തർക്കങ്ങൾക്കൊടുവിൽ നീണ്ടുപോയ ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ പട്ടിക വന്നപ്പോൾ കോൺഗ്രസിൽ പ്രതിഷേധവും തർക്കവും രൂക്ഷം. ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള എ വിഭാഗം ഗ്രൂപ്പ്‌ യോഗം ചേർന്നാണ്‌ പ്രതിഷേധം പ്രകടിപ്പിച്ചത്‌. രമേശ്‌ ചെന്നിത്തലയെ അനുകൂലിക്കുന്ന പി ടി അജയ്‌മോഹന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗവും അതൃപ്‌തരാണ്‌. ആര്യാടനെ പിന്തുണച്ചവരെ വെട്ടിനിരത്തിയെന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.  തർക്കം കാരണം തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ ബ്ലോക്ക്‌ പ്രസിഡന്റുമാരുടെ പ്രഖ്യാപനം നീണ്ടുപോയിരുന്നു. ഇതാണ്‌ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്‌. മലപ്പുറത്ത്‌ 32 പ്രസിഡന്റുമാരെയായിരുന്നു നിശ്‌ചയിക്കേണ്ടിയിരുന്നത്‌. നിലവിൽ പകുതിയിലേറെ ആര്യാടൻപക്ഷത്താണ്‌. പുതിയ പട്ടിക വന്നതോടെ ഏഴ്‌ ബ്ലോക്കുകൾ ഇവർക്ക്‌ നഷ്ടപ്പെട്ടു. എ പി അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ വി എസ്‌ ജോയ്‌ എന്നിവർക്കൊപ്പം നിൽക്കുന്നവർക്കാണ്‌ മുൻതൂക്കം. ഇതിൽതന്നെ വി എസ്‌ ജോയ്‌ നിർദേശിച്ച ഏഴുപേരും എ പി അനിൽകുമാർ നിർദേശിച്ച ഒമ്പതുപേരും ഇടംപിടിച്ചു. പി ടി അജയ്‌മോഹൻ നിർദേശിച്ച അഞ്ചുപേർ പ്രസിഡന്റായി.  പട്ടികയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ എ വിഭാഗം ചൊവ്വാഴ്‌ച മലപ്പുറത്ത്‌ യോഗം ചേർന്നു. ഉപസമിതിയെ നോക്കുകുത്തിയാക്കി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ പട്ടികയിൽ അട്ടിമറി നടത്തിയെന്നാണ്‌ എ ഗ്രൂപ്പിന്റെ ആക്ഷേപം. എഐസിസിക്കും കെപിസിസിക്കും പരാതി നൽകാനാണ്‌ നീക്കം. Read on deshabhimani.com

Related News