മാലിന്യസംസ്കരണം ഇനി സ്മാർട്ടാകും: ‘ഹരിതമിത്രം’ *ഉദ്ഘാടനം ഇന്ന്



മലപ്പുറം മാലിന്യസംസ്‌കരണത്തിന്റെ  വഴിയിൽ ജില്ലയുടെ വരും നാളുകൾ ഇനി സ്മാർട്ടാകും. അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം, തരംതിരിവ്, പുനഃചക്രമണം എന്നിവ ഇനിമുതൽ  ഹരിതമിത്രം  സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിനുകീഴിലാവും. നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ കെൽട്രോൺ ആണ്‌ ഈ സംവിധാനമൊരുക്കിയത്‌.  ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ  തദ്ദേശ സ്ഥാപനതലംമുതൽ സംസ്ഥാനതലംവരെയുള്ള  ഏകീകൃത നിരീക്ഷണത്തിനായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനാണ് ഹരിതമിത്രം. ആദ്യഘട്ടത്തിൽ ജില്ലയിലെ 29 പഞ്ചായത്തുകളും  അഞ്ച് നഗരസഭകളുമാണ്  പദ്ധതിയിലുള്ളത്‌. ശനി രാവിലെ 10.30ന്  മലപ്പുറം എംഎസ്എം ഓഡിറ്റോറിയത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്‌ഘാടനംചെയ്യും. പദ്ധതിയുടെ ഭാഗമായി വീടുകളിൽ ക്യൂ ആർ കോഡ് സ്ഥാപിക്കുകയും ഹരിതകർമ സേനാംഗങ്ങൾ വീടുകളിലെത്തുമ്പോൾ ക്യൂ ആർ കോഡ് മുഖേന ശേഖരിച്ച  പാഴ്‌വസ്‌തുക്കളുടെ വിവരങ്ങൾ ഹരിതമിത്രം ആപ്പിൽ രേഖപ്പെടുത്തുകയുംചെയ്യും. വെബ് സൈറ്റ് മുഖേന ഉദ്യോഗസ്ഥർക്ക് ഈ വിവരങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. Read on deshabhimani.com

Related News