കടലേറ്റം രൂക്ഷം

കടൽക്ഷോഭത്തിൽ പകുതി തകർന്ന മുറിഞ്ഞഴിയിലെ വീട്


പൊന്നാനി കടൽക്ഷോഭം രൂക്ഷമായതോടെ നിരവധി വീടുകളിൽ വെള്ളം കയറി. പൊന്നാനി മുറിഞ്ഞഴി, ഹിളർ പള്ളി, മരക്കടവ്, അഴീക്കൽ, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി കാപ്പിരിക്കാട് എന്നീ ഭാഗങ്ങളിലാണ് കടലേറ്റം ശക്തമാവുന്നത്. വെളിയങ്കോട് പത്തു മുറിയിൽ കടൽ ആഞ്ഞടിച്ചതിനെ തുടർന്ന് കരഭാഗം തകർന്നു. തണ്ണിത്തുറയിൽ 15 ഉം പത്തു മുറിയിൽ 20 ഉം പൊന്നാനിയിൽ അമ്പതോളം വീടുകളും തകർച്ചാ ഭീഷണിയിലാണ്‌. നൂറോളം തെങ്ങുകൾ കടപുഴകി. നൂറിലധികം വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്.  മുറിഞ്ഞഴിയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ അടിഞ്ഞുകൂടിയ മണൽ നഗരസഭയുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് നീക്കംചെയ്ത് വെള്ളം കടലിലേക്കുതന്നെ ഒഴുക്കിവിടുകയാണ്. കടൽക്ഷോഭം തുടരുന്നതിനാൽ റവന്യു വകുപ്പ് പൊന്നാനി എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് തുടങ്ങിയെങ്കിലും ആരും ക്യാമ്പിലെത്തിയിട്ടില്ല. പൊന്നാനിയിൽനിന്ന് 92 ഉം വെളിയങ്കോടുനിന്ന് 24 കുടുംബങ്ങളുമാണ് ബന്ധുവീടുകളിലേക്ക്‌ മാറിയത്. ക്യാമ്പിൽ എല്ലാ വിധ സൗകര്യവും ഒരുക്കിയതായി തഹസിൽദാർ പറഞ്ഞു. തീരത്ത് വെള്ളക്കെട്ടിനെ തുടർന്ന്‌ ദുരിതത്തിലായവർക്ക്‌ വാട്ടർ അതോറിറ്റി കുടിവെള്ളം എത്തിക്കും. Read on deshabhimani.com

Related News