ഉയിർത്തു മൈത്രിയുടെ മാമാങ്ക കാഴ്‌ചകൾ

സാമൂതിരിയും ഷാഹ്ബന്ദർ കോയയുമായുള്ള മാമാങ്ക കാലത്തെ കൂടിക്കാഴ്ച പുനരാവിഷ്കരിച്ചപ്പോള്‍


പൊന്നാനി മാമാങ്കത്തിലെ മതസൗഹാർദവും പൊന്നാനിയുടെ സ്ഥാനവും പരിചയപ്പെടുത്തി  മാമാങ്ക മൈത്രിസദസ്.  സാമൂതിരിയുടെ രണ്ടാം ആസ്ഥാനമായ തൃക്കാവിലെ പഴയകാല ചടങ്ങുകൾ പുനരാവിഷ്‌കരിച്ചു.   മാമാങ്ക മഹോത്സവത്തിലെ നാല്‌ പ്രധാന അടയാളങ്ങളിൽ തൃക്കാവ് ദേശത്തിന്റെ സ്ഥാനം വളരെ വലുതാണ്.  വെടിപൊട്ടിക്കാനും വാദ്യഘോഷം മുഴക്കാനും ചുമതലയുണ്ടായിരുന്നത് ഷാഹ്ബന്ദർ കോയയുടെ കീഴിലുള്ളവർക്കായിരുന്നു. അവർക്ക്‌ സാമൂതിരി പണം നൽകിയിരുന്നത് തൃക്കാവ്  ദുർഗാ ഭഗവതി ക്ഷേത്രത്തിനുസമീപത്തായിരുന്നു.  വയ്യാവിനാട് ഗുരുക്കളുടെ പതിനായിരം നായർ പടയോടൊപ്പം സാമൂതിരി കൊടക്കൽ നിലപാട് തറയിലേക്ക് പുറപ്പെട്ടത്‌ തൃക്കാവിലെ കോവിലകത്തുനിന്നാണ്‌.  സാംസ്കാരിക സംഘടനയായ റി എക്കൗ ആണ് ചരിത്രം പുനരാവിഷ്‌കരിച്ചത്‌.  സാമൂതിരിയായി ഉള്ളാട്ടിൽ രവീന്ദ്രനും ഷാഹ്ബന്ദർ കോയയായി കെ കെ അബ്ദുറസാഖ് ഹാജിയും വള്ളുവകോനാതിരിയായി കളിയാത്ത് സതീശനും വേഷമിട്ടു. മാമാങ്കത്തിലെ പൊന്നാനിയുടെ സവിശേഷത പുതുതലമുറയെ പരിചയപ്പെടുത്തുകയാണ്‌  ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യ സംഘാടകനായ ഉമ്മർ ചിറക്കൽ പറഞ്ഞു. മാമാങ്ക മൈത്രിസദസ് പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്‌ഘാടനംചെയ്‌തു. പി വി അയൂബ് അധ്യക്ഷനായി. സി ഹരിദാസ്, ടി വി അബ്ദുറഹിമാൻകുട്ടി, ഫർഹാൻ ബിയ്യം, അനുപമ മുരളീധരൻ, ഷബ്ന ആസ്മി, എം കെ സതീഷ് ബാബു, സി പി എം ഹാരിസ്, ഹീരേന്ദ്രകുമാർ, ഗിരീശൻ, പൂവ്വത്തിങ്കൽ റഷീദ്, വാഹിദ് പല്ലാർ എന്നിവർ സംസാരിച്ചു. കളരിപ്പയറ്റുമുണ്ടായി. Read on deshabhimani.com

Related News