കലയും വിദ്യാഭ്യാസവും ഐക്യകേരളത്തിന്റെ അടിത്തറ: നിലമ്പൂർ ആയിഷ



 മലപ്പുറം കലയും വിദ്യാഭ്യാസവും ചേർന്നതാണ്‌ ഐക്യകേരളത്തിന്റെ അടിത്തറയെന്നും നാടിന്റെ പൈതൃകം ചേർത്തുപിടിച്ച്‌ മുന്നേറണമെന്നും നടി  നിലമ്പൂർ ആയിഷ. കെഎസ്‌ടിഎ സംസ്ഥാന അധ്യാപക കലോത്സവം സമാപനസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. കുട്ടികൾക്ക്‌ മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ സാമൂഹിക ജീവിതത്തിൽ മുന്നേറാനുള്ള മാർ​ഗമാണ്‌ പകരുന്നത്‌. മികച്ച ജീവിതവും സമൂഹത്തിൽ ഇടപെടാനുള്ള കരുത്തും അവർക്ക്‌ ലഭിക്കും.  കലയാണ്‌ മനുഷ്യനെ യഥാർഥ മനുഷ്യനാക്കുന്നത്‌. വൈവിധ്യങ്ങളെ ആസ്വദിക്കാനും ഉൾക്കൊള്ളാനും  ചേർത്തുപിടിക്കാനും കലയിലൂടെ കഴിയും. വിദ്യാഭ്യാസവും - കലാരംഗവും ചിലർക്കുമാത്രമായി പരിമിതപ്പെട്ട കാലത്താണ്‌  താനുൾപ്പെടെയുള്ള കലാപ്രവർത്തകർ മുന്നേറിയത്‌. പ്രത്യേകിച്ച്‌ സ്‌ത്രീകൾ അകത്തളങ്ങളിൽ ഒതുങ്ങിയിരുന്ന കാലം. അന്ന്‌ ഞങ്ങൾ മുന്നേറിയത്‌ മാറ്റത്തിന്റെ ശബ്ദവുമായാണ്‌. ‘ജ്ജ്‌ നല്ലൊരു മന്‌സനാകാൻ നോക്ക്‌’ എന്ന നാടകം കളിച്ചു. ആക്രമണങ്ങൾ ഏറെയായിരുന്നു. എങ്കിലും പിന്മാറിയില്ല. ആവേശത്തോടെ മുന്നേറി. എന്തിനെയും നേരിടാനുള്ള ആ കരുത്താണ്‌ നമുക്കു വേണ്ടത്‌. മികച്ച വിദ്യാഭ്യാസത്തോടൊപ്പം കലയെയും ചേർത്തുപിടിക്കണമെന്നും അവർ പറഞ്ഞു. Read on deshabhimani.com

Related News