താനൂർ ഹാർബറിൽ വലനിറയെ ഗോൾ

താനൂർ ഹാർബറിൽ മത്സ്യത്തൊഴിലാളികൾ ലോക കപ്പ് ചർച്ചയിൽ


  താനൂർ ലോകകപ്പ്‌ ഫുട്‌ബോളിൽ ശനിയാഴ്‌ച രാത്രിയിലെ അർജന്റീനയുടെ കളിയുടെ ത്രില്ലിലായിരുന്നു സജീറും അബ്ദുള്ളയും. 35–-ാം മിനിറ്റിൽ മെസി നേടിയ അത്യുഗ്രൻ ഗോളിനെക്കുറിച്ച്‌ പറയുമ്പോൾ സജീറിന്‌ ആവേശംകൂടി.  ജോലിക്കിടയിലും ഖത്തറിലെ കളിയാരവത്തിലായിരുന്നു താനൂർ ഹാർബറിലെ  മത്സ്യത്തൊഴിലാളികൾ.   ‘ഓസ്ട്രേലിയയുടെ എട്ട് കളിക്കാരെ സാക്ഷിനിർത്തി ഗോളിയെ കബളിപ്പിച്ച് മെസിയടിച്ച ഗോൾ ഒന്നൊന്നര ഗോളാണ്‌’–- സജീർ പറഞ്ഞു. ബ്രസീൽ ആരാധകനായ ഒഫാറിന്‌ ഇതുകേട്ടപ്പോൾ സഹിച്ചില്ല; ‘സെർബിയക്കെതിരെ ബ്രസീലിന്റെ റിച്ചാർലിസൺ നേടിയ സിസർ കട്ട് ഗോളിന്റത്രയും വരുമോ’.  കളിയുടെ അവസാന നിമിഷത്തിൽ ഓസ്ട്രേലിയൻ കളിക്കാരുടെ ഗോൾ ശ്രമം കണ്ടപ്പോൾ നെഞ്ചിൽ ഇടിവെട്ടിയപോലെയായി അബ്ദുള്ള പറഞ്ഞു.  ഫൈനൽ വിസിൽ കേട്ടപ്പോഴാണ്‌ ശ്വാസം നേരെവീണത്‌. പെനൽറ്റി ഷൂട്ടൗട്ട് ആയിരുന്നേൽ മെസി  പുറത്തേക്കടിക്കുമായിരുന്നെന്ന്‌ ഖലീൽ കളിയാക്കി.  റെസ്റ്റില്ലാതെയാണ് ടീം കളിക്കാനിറങ്ങിയത്‌–- സജീർ വിട്ടുകൊടുത്തില്ല. ‘നേരംവെളുക്കോളം മീൻ കോരിയാലും യ്യ് പിറ്റേന്നും പണിക്ക് വരൂല്ലേ? വെറുതെന്തിനാ ന്യായീകരണം’–- ഒഫാറിന്റെ മറുപടി. പുലർച്ചെവരെ പണിയുണ്ടായതിനാൽ കളി കാണാൻ പറ്റിയില്ലെന്നാണ് കൂട്ടത്തിൽ മുതിർന്ന സെനഗലിന്റെ ആരാധകനായ മൊയ്തീൻ പറഞ്ഞത്. ഇന്ത്യൻ ടീം ഇല്ലാത്തോണ്ടാ സെനഗലിന്റൊപ്പം നിക്കുന്നതെന്നും വല്യ ടീമുകൾ തോൽക്കണമെന്നും മൊയ്തീൻ പറഞ്ഞു.  അർജന്റീന കപ്പെടുക്കില്ലെന്നായിരുന്നു  മുജീബ് റഹ്മാന്റേത്.  വീറും വാശിയും നിറഞ്ഞ ചർച്ചകളിൽ ഹാർബറിലെത്തുന്നവരും പങ്കുചേർന്നു. മെസിയുടെ ഗോളായിരുന്നു ചർച്ച മുഴുവൻ. Read on deshabhimani.com

Related News