മണി ചെയിൻ തട്ടിപ്പ്: 
സംഘത്തലവനും പിടിയിൽ

രതീഷ്ചന്ദ്ര


 കൊണ്ടോട്ടി മണിചെയിൻ മാതൃകയിൽ കേരളം, തമിഴ്‌നാട്‌, ബംഗാൾ സംസ്ഥാനങ്ങളിൽനിന്ന്‌ 50 കോടിയോളം രൂപ തട്ടിയ കേസിൽ സംഘത്തലവൻ അറസ്‌റ്റിൽ. പട്ടാമ്പി തിരുമിറ്റക്കോട് കള്ളിയത്ത് രതീഷാ (രതീഷ്ചന്ദ്ര–-43)ണ് പിടിയിലായത്.  ഒളിവിൽകഴിയുകയായിരുന്ന ഇയാളെ കോഴിക്കോട്ടെ ഫ്ലാറ്റിൽനിന്നാണ്‌ പ്രത്യേക അന്വേഷകസംഘം പിടികൂടിയത്‌. രതീഷിന്റെ കൂട്ടാളി തൃശൂർ സ്വദേശി ഈട്ടോളി ബാബുവിനെ ചൊവ്വാഴ്‌ച അറസ്‌റ്റുചെയ്‌തിരുന്നു.  കുടുങ്ങിയത്‌ 
35,000 പേർ ഗൾഫിൽ ജോലിചെയ്യുന്നവരും വീട്ടമ്മമാരുമടക്കം മുപ്പത്തിയയ്യായിരത്തിലേറെ പേരാണ്‌ കമ്പനിയുടെ മോഹനവാഗ്ദാനത്തിൽ വീണത്‌. പലർക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായി. നിക്ഷേപം തിരികെ കിട്ടാതെയായതോടെയാണ്‌ പൊലീസിൽ പരാതിയെത്തിയത്‌. പൊലീസ് സൈബർ ഡോമിന്റെ പേരിൽ വ്യാജ ബ്രോഷറുകൾ വിതരണംചെയ്തും ബിസിനസ് മാസികകളിൽ സ്പോൺസേഡ് ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ചുമായിരുന്നു സംഘത്തിന്റെ തട്ടിപ്പ്‌.  നിക്ഷേപകരിൽനിന്ന്‌ വാങ്ങിയ പണമുപയോഗിച്ച്‌ ആഡംബര വാഹനങ്ങളും ഫ്ലാറ്റുകളും വാങ്ങിയതായാണ്‌ വിവരം. ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.  സംഘത്തലവൻ രതീഷ്‌ ചന്ദ്ര കോഴിക്കോട്ട്‌ വൻതുക നൽകി അഞ്ചിലേറെ ഫ്ലാറ്റുകൾ വാടകയ്‌ക്കെടുത്തിരുന്നു. ഫ്ലാറ്റിലെ പരിശോധനയിൽ ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്‌ ഉപകരണങ്ങൾ, രേഖകൾ എന്നിവ കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന്‌ പൊലീസ്‌ പറഞ്ഞു.        കൊണ്ടോട്ടി ഡിവൈഎസ്‌പി അഷ്‌റഫ്‌, ഇൻസ്പക്ടർ മനോജ്, പ്രത്യേക അന്വേഷക സംഘാംഗങ്ങളായ പി സഞ്ജീവ്, ഷബീർ, രതീഷ് ഒളരിയൻ, സബീഷ്, സുബ്രഹ്മണ്യൻ, പ്രശാന്ത്, ശ്രീജിത്ത്, ഗീത എന്നിവരാണ് പ്രതിയെ പിടികൂടിയത്‌.   Read on deshabhimani.com

Related News