വീണ്ടും കനത്തു



മലപ്പുറം ജില്ലയിൽ വീണ്ടും മഴ കനത്തു. വ്യാഴാഴ്‌ച പുലർച്ചെമുതൽ മഴ നിര്‍ത്താതെ പെയ്‌തുകൊണ്ടിരിക്കുകയാണ്‌.  ജലാശയങ്ങളിൽ ജലനിരപ്പ്‌ ഉയർന്നു. നിലമ്പൂർ, എടക്കരയടക്കമുള്ള മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്‌. മഴയും മഞ്ഞും കാരണം കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.  മഴക്ക്‌ നേരിയ ശമനമുണ്ടായതിനെ തുടർന്ന്‌ ബുധനാഴ്‌ച പകൽ റെഡ്‌ അലർട്ട്‌‌ പിൻവലിച്ചിരുന്നു. വ്യാഴാഴ്‌ച ഓറഞ്ച്‌ അലർട്ടായിരുന്നു ജില്ലയിലെങ്കിലും കനത്ത മഴയാണ്‌ പെയ്‌തിറങ്ങിയത്‌. അപ്രതീക്ഷിതമായി മഴയുടെ ശക്തി കൂടുന്നതിനാൽ തികഞ്ഞ ജാഗ്രതയിലാണ്‌ ജില്ലയിലെ ദുരന്ത നിവാരണ സംഘം. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം നിലമ്പൂരിൽ ഏതാനും ദിവസങ്ങളായി ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. വ്യാഴാഴ്‌ച വൈകിട്ടുവരെ ജില്ലയിൽ 31 കുടുംബങ്ങളിലെ 86 പേർ അഞ്ച്‌ ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നുണ്ട്‌. വെറ്റിലപ്പാറ വില്ലേജിലെ കക്കാടാംപൊയിൽ കരിമ്പ്‌ ഭാഗത്തെ നാല്‌ കുടുംബങ്ങളെയാണ്‌ വ്യാഴാഴ്‌ച ക്യാമ്പിലേക്ക്‌ മാറ്റിയത്‌. ആറ്‌ കുട്ടികളടക്കം 20 പേരാണ്‌ ഈ ക്യാമ്പിലുള്ളത്‌. Read on deshabhimani.com

Related News