ജാഗ്രതാ സമിതികൾ *ശക്തിപ്പെടുത്തണം: വനിതാ കമീഷൻ



തിരൂർ സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ ഉടൻ പരിഹാരം കാണാൻ വാർഡുതല ജാഗ്രതാ സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി പറഞ്ഞു. തിരൂര്‍ കോരങ്ങത്തെ ഇ എം എസ് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന വനിതാ കമീഷന്‍ അദാലത്തിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. കുടുംബപ്രശ്നങ്ങളും സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത്, ഭൂമി, അതിർത്തി തർക്കങ്ങൾവരെ വനിതാ കമീഷന് മുന്നിൽ എത്തുന്നു. സിവിൽ കോടതികളുടെ അധികാര പരിധിയിലുള്ളവയാണിവ. ഇത്തരം കേസുകൾ തീർപ്പാക്കാൻ വാർഡുതല ജാഗ്രതാ സമിതികൾക്ക് കഴിയണം. ആവശ്യമെങ്കിൽ ലീഗൽ സർവീസസ് അതോറിറ്റി വഴി സൗജന്യ നിയമസഹായവും ഉറപ്പുവരുത്തണം. ഇതുവഴി കമീഷന് മുന്നിൽ  പരാതി കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും അവർ പറഞ്ഞു. അഡ്വ. പി സതീദേവി, കമീഷന്‍ അംഗം ഇ എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍  83 പരാതി പരിഗണിച്ചു. 22 പരാതി തീർപ്പാക്കി. 10 പരാതി പൊലീസ് റിപ്പോർട്ട് നൽകുന്നതിനായി കൈമാറി. 51 പരാതി അടുത്ത അദാലത്തില്‍ പരിഗണിക്കും. അഡ്വ. ബീന കരുവാത്ത്, കൗൺസിലർ ശ്രുതി നാരായണൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News